1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2024

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രെയ്‌ൻ സന്ദർശിക്കും. റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോദി യുക്രെയ്‌നിലെത്തുന്നത്. ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മൂന്നാം തവണയും മോദി അധികാരത്തിലെത്തിയപ്പോള്‍ സെലെൻസ്കി അഭിനന്ദിച്ചിരുന്നു. യുക്രെയ്‌ൻ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.

കഴിഞ്ഞ മാർച്ചില്‍ സെലെൻസ്കിയും മോദിയും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. നിലവിലുള്ള പ്രതിസന്ധികളും സംഘർഷങ്ങളും പരിഹരിക്കുന്നത് സംബന്ധിച്ചും ഇന്ത്യ-യുക്രെയ്‌ൻ ബന്ധം ദൃഢമാക്കുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സമാധാനം പുനസ്ഥാപിക്കുന്നതിനായി ചെയ്യാനാകുന്ന എല്ലാ കാര്യങ്ങളും ഇന്ത്യ ചെയ്യുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

യുക്രെയ്‌ൻ – റഷ്യ യുദ്ധം ആരംഭിച്ചതു മുതല്‍ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമെ പരിഹാരം സാധിക്കുകയുള്ളു എന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. സമാധാന ശ്രമങ്ങള്‍ക്ക് എന്ത് സംഭാവന നല്‍കാനും തങ്ങള്‍ തയാറാണെന്നായിരുന്നു മോദിയുടെ ഉറപ്പ്.

ഈ മാസം ആദ്യം മോദി മോസ്കോയും സന്ദർശിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ചയില്‍ യുദ്ധഭൂമിയില്‍ പരിഹാരങ്ങള്‍ കാണാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഈ മാസം ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരും ചർച്ച നടത്തിയിരുന്നു. ടെലഫോണിലൂടെയായിരുന്നു എസ് ജയശങ്കറിന്റേയും ദിമിത്രൊ കുലേബയുടേയും സംഭാഷണം. ഇതിന് പുറമെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യുക്രെയ്‌ൻ പ്രതിനിധി ആൻഡ്രി യെർമാർക്കും ടെലഫോണിലൂടെ ആശയവിനിമയം നടത്തി.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലൂന്നിയാണ് ചർച്ചകളെന്നായിരുന്നു സംഭാഷണത്തിന് ശേഷം ജയശങ്കർ വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.