സ്വന്തം ലേഖകൻ: ഇന്ത്യ- യുഎസ് നയതന്ത്രത്തിലും പ്രതിരോധ പങ്കാളിത്തത്തിലും വ്യാപാര നയത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഒന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കും യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യാനുമാണ് മോദിയുടെ ഔദ്യോഗിക സന്ദർശനം. രണ്ടാം തവണ പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള അവസാന സന്ദർശനമെന്ന പ്രത്യേകത നിലനിൽക്കെ, എന്തൊക്കെ ഉടമ്പടികളാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കുകയെന്ന ചർച്ചകളാണ് ചൂടുപിടിക്കുന്നത്.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദർശനം, പ്രതിരോധം, വാണിജ്യ – വ്യവസായ – സാങ്കേതിക നിക്ഷേപം തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾക്ക് വഴിവയ്ക്കുമെന്നാണ് പ്രതീക്ഷ. വ്യാപാര -നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ടെലികോം, ബഹിരാകാശം, ഉത്പാദനം ഉൾപ്പെടെയുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിലുമായിരിക്കും ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ പ്രാധാന്യം നൽകുക. റഷ്യ-യുക്രെയ്ൻ യുദ്ധം, ഇന്തോ-പസഫിക് മേഖലയിലെ സാഹചര്യം, ഭീകരവാദ ഭീഷണികൾ, ചൈന ബന്ധം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ഫലപ്രദവും സുദൃഢവുമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. പ്രതിരോധ മേഖലയിലെ നിർമാണപ്രവർത്തനങ്ങളായിരിക്കും ഇത്തവണത്തെ സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കിയിരുന്നു. ആയുധനിർമാണം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. അതിനാൽ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, സെമി കണ്ടക്ടർ ചിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട കരാറുകൾ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇത്തവണ പ്രതിരോധ പങ്കാളിത്തമാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല, പ്രതിരോധ മേഖലയിലെ കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും സാങ്കേതിക വിദ്യയുടെയും സംയുക്ത ഉത്പാദനത്തിന്റെയും കൈമാറ്റം സുതാര്യമാക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ പ്രതിരോധ വ്യവസായ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള പരിധി ഉയർത്താനും, പ്രതിരോധ ഓഫ്‌സെറ്റ് നയം പരിഷ്കരിക്കാനും യുഎസ് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇത് പ്രതിരോധ രംഗത്ത് പ്രതീക്ഷ നല്‍കുന്നു.
പ്രതിരോധ പങ്കാളിത്തം ഉറപ്പുവരുത്തുക, പ്രതിരോധ മേഖലയിൽ മികച്ച സാങ്കേതികവിദ്യ ഉറപ്പാക്കുക തുടങ്ങിയ അടിസ്ഥാന കരാറുകൾക്ക് പുറമെ, അമേരിക്കൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനായുള്ള ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജിക്ക് (iCET) ഇത്തവണ പ്രാധാന്യം നൽകും. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യൻ പ്രതിരോധ ഉപകരണങ്ങളെ ആശ്രയിക്കുന്നതിൽ നിന്ന് ഇന്ത്യയ്ക്ക് ഇതിലൂടെ പിന്മാറാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയുടെ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസിനായി ജനറൽ ഇലക്ട്രിക്കിന്റെ എഫ് 414 ജെറ്റ് എഞ്ചിനുകൾ സംയുക്തമായി നിർമ്മിക്കുന്നതിനുള്ള നടപടികൾ യുഎസ് പൂർത്തിയാക്കിയതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെയെങ്കില്‍, ഇത് സംബന്ധിച്ചുള്ള കരാറുകളുടെ സാധ്യതയും തള്ളിക്കളയാനാകില്ല.
മൂന്ന് ബില്യൺ ഡോളറിന് 31 എംക്യു -9 ബി സീഗാർഡിയൻ ഡ്രോണുകൾ വാങ്ങാന്‍ നേരത്തെ ഇന്ത്യ തീരുമാനിച്ചിരുന്നു. രണ്ട് വർഷം മുൻപ് ഡ്രോണുകളുടെ വിൽപ്പനയ്ക്ക് യുഎസ് അനുമതി നൽകിയിരുന്നുവെങ്കിലും ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഇത് വൈകിപ്പിച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. ഇത്തവണത്തെ കൂടിക്കാഴ്ചയില്‍ ഡ്രോണുകള്‍ സംബന്ധിച്ച കരാറും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ടെസ്ല സിഇഒയും ശതകോടീശ്വരനുമായ എലോണ്‍ മസ്കുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. മസ്ക് ട്വിറ്റർ ഏറ്റെടുത്തശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. മസ്കിന് പുറമെ, നൊബേൽ സമ്മാന ജേതാക്കൾ, സാമ്പത്തിക വിദഗ്ധർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, പണ്ഡിതർ, സംരംഭകർ, അക്കാദമിക് വിദഗ്ധർ, ആരോഗ്യ മേഖലയിലെ വിദഗ്ധർ എന്നിവരുൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ളവരുമായും പ്രധാനമന്ത്രി ഇന്ന് ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. യുഎസിലെ വിവിധ മേഖലകളിലെ വികസന നയങ്ങളും മറ്റും പരിചയപ്പെടുന്നതിനും ഇന്ത്യയിലേക്ക് അവരെ ക്ഷണിക്കുന്നതിനുമാണ് ഈ കൂടിക്കാഴ്ചയെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇതിനുപുറമെ, പ്രശസ്ത അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞന്‍ നീല്‍ ഡിഗ്രാസ് ടൈസണ്‍, ലോകബാങ്ക് ഉദ്യോഗസ്ഥന്‍ പോള്‍ റോമര്‍, ലെബനീസ്-അമേരിക്കന്‍ ഉപന്യാസകാരന്‍ നാസിം നിക്കോളാസ് തലേബ്, സംരംഭകന്‍ റേ ഡാലിയോ, അമേരിക്കന്‍ ഗായകന്‍ ഫാലു ഷാ എന്നിവരുമായും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മുൻ യുഎസ് വ്യാപാര പ്രതിനിധി മൈക്കൽ ഫ്രോമാൻ, മുൻ യുഎസ് നയതന്ത്രജ്ഞൻ ഡാനിയൽ റസ്സൽ, ബ്യൂറോക്രാറ്റ് എൽബ്രിഡ്ജ് എ. കോൾബി എന്നിവരെയും കാണുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല