
സ്വന്തം ലേഖകൻ: ബുധനാഴ്ച വൈറ്റ് ഹൗസിൽ എത്തിചേർന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസിഡന്റ് ജോ ബൈഡൻ ഊഷ്മള സ്വീകരണം നൽകി. മോദിക്ക് വൈറ്റ് ഹൗസിൽ ബുധനാഴ്ച സ്വകാര്യ അത്താഴ വിരുന്നൊരുക്കിയിരുന്നു. ജോ ബൈഡന്റെ പ്രിയപ്പെട്ട വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണമാണ് മോദിക്കു വേണ്ടി ഒരുക്കിയിരുന്നത്.
പ്രസിഡന്റിന്റെയും പ്രഥമ വനിതയുടെയും ഔദ്യോഗിക സമ്മാനമായി പുരാതന അമേരിക്കൻ പുസ്തക ഗാലി മോദിക്ക് നൽകിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ജോർജ്ജ് ഈസ്റ്റ്മാന്റെ ആദ്യത്തെ കൊഡാക് ക്യാമറയുടെ പേറ്റന്റ്, അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ ഹാർഡ് കവർ ബുക്ക് എന്നിവയ്‌ക്കൊപ്പം ഒരു വിന്റേജ് അമേരിക്കൻ ക്യാമറയും ബൈഡൻ മോദിക്ക് സമ്മാനിച്ചു.
ഇരു നേതാക്കളും പ്രതിരോധം സാങ്കേതികവിദ്യയിലെ പങ്കാളിത്തം കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങളിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ബൈഡൻ ഭരണകൂടം വിപുലപ്പെടുത്തുന്നതിനിടെയാണ് മോദിയുടെ സന്ദർശനം.
വൈറ്റ്ഹൗസിലെത്തിയ മോദിക്ക് ബൈഡൻ ഒരുക്കിയ അത്താഴ വിരുന്നിൽ പ്രധാനമന്ത്രി ഇരുവർക്കും നിരവധി സമ്മാനങ്ങൾ നൽകി. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ ശിൽപി കൈകൊണ്ട് നിര്‍മ്മിച്ച പ്രത്യേക ചന്ദനപ്പെട്ടിയാണ് മോദി യുഎസ് പ്രസിഡന്റിന് സമ്മാനമായി നൽകിയത്. ഒരു വെള്ളി ഗണപതി വിഗ്രഹം, എണ്ണ വിളക്ക്, 10 ചെറിയ വെള്ളി പെട്ടികള്‍ എന്നിവയാണ് പെട്ടിയിൽ ഉണ്ടായിരുന്നത്.
‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’ എന്ന പുസ്തകത്തിന്റെ കോപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചു. ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനമാണ് ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’.
ലാബ് ഗ്രോൺ അഥവാ നിർമ്മിത വജ്രമാണ് ( 7.5 കാരറ്റ് വജ്രം) യുഎസ് പ്രഥമ വനിത ജിൽ ബൈഡന് നരേന്ദ്ര മോദി സമ്മാനിച്ചത്. വജ്രം ഒരു പേപ്പിയർ മാഷെ ബോക്സിലാണ് സമ്മാനിച്ചത്. സമീപ വർഷങ്ങളിൽ നിർമ്മിത വജ്രം കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്. ഖനനം ചെയ്ത വജ്രങ്ങളുമായി ഏതാണ്ട് സമാനമാണിവ.
“വജ്രം ഭൂമിയിൽ നിന്ന് ഖനനം ചെയ്ത വജ്രങ്ങളുടെ രാസ, ഒപ്റ്റിക്കൽ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നു. സൗരോർജ്ജം, കാറ്റ് വൈദ്യുതി തുടങ്ങിയ പരിസ്ഥിതി-വൈവിധ്യമാർന്ന വിഭവങ്ങൾ ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചതിനാൽ ഇത് പരിസ്ഥിതി സൗഹൃദവുമാണ്, ”വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല