സ്വന്തം ലേഖകൻ: സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെത്തി. രജൗരി ജില്ലയിലെ നൗഷേരയിലാണ് അദ്ദേഹം എത്തിയത്. രാവിലെ 10.30 ഓടെ പ്രദേശത്ത് എത്തിയ മോദി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. സുരക്ഷാ സന്നാഹങ്ങൾ ഒന്നും തന്നെയില്ലാതെയാണ് നരേന്ദ്ര മോദി കശ്മീരിലെത്തിയത്.
എല്ലാ വർഷത്തേയും പോലെ ഇത്തവണയും സൈനികർക്ക് മധുരം കൊടുത്തും അവരെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ദീപാവലി ആഘോഷിക്കും.
2014 ൽ അധികാരത്തിലേറിയതിന് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷത്തിന് നരേന്ദ്ര മോദി അപ്രതീക്ഷിതമായാണ് സിയാച്ചിനിൽ എത്തിയത്. അവിടെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു. തുടർന്നുള്ള എല്ലാ വർഷവും ദീപാവലി ആഘോഷിക്കാൻ മോദി അതിർത്തിയിലേക്ക് പോകുക പതിവാണ്.
സൈനികരോടൊപ്പം ചിലവഴിക്കുമ്പോൾ കുടുംബത്തോടൊപ്പമെന്ന അനുഭൂതിയാണ് ലഭിക്കുകയെന്നും കുടുംബത്തോടൊപ്പം ദീപാവലിയാഘോഷിക്കാനാണ് താനെത്തിയിരിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. കശ്മീരിൽ പാക് ഭീകരാക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും അവിടുത്തെ ജനങ്ങൾക്കും ധൈര്യം പകരാൻ വേണ്ടി കൂടിയാണ് മോദി എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല