സ്വന്തം ലേഖകന്‍: വരുന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ മെഡല്‍ ചൂടിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ദൗത്യസംഘം വരുന്നു. അടുത്ത മൂന്ന് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് സംഘത്തിന്റെ ദൗത്യം. കായിക സൗകര്യങ്ങള്‍, പരിശീലനം, തിരഞ്ഞെടുപ്പ് രീതി എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സമഗ്ര രൂപരേഖ തയ്യാറാക്കുക എന്നതാണ് സംഘത്തെ നിയോഗിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.
വെള്ളിയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒളിമ്പിക് ദൗത്യസംഘത്തെ നിയോഗിക്കുന്ന കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ സംഘത്തിലെ അംഗങ്ങളെ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
2020, 2024, 2028 വര്‍ഷങ്ങളില്‍ നടക്കുന്ന അടുത്ത മൂന്ന് ഒളിമ്പിക്‌സുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തം ഫലപ്രദമാകുന്നതിനുള്ള സമഗ്ര കര്‍മപദ്ധതി തയ്യാറാക്കുന്നതിനായാണ് ദൗത്യസംഘമെന്ന് പ്രധാനമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ തീര്‍ത്തും നിറംമങ്ങിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം. 118 കായികതാരങ്ങള്‍ അടങ്ങിയ ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ അയച്ച ഇന്ത്യക്ക് ആകെ ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് റിയോയില്‍ സ്വന്തമാക്കാനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല