1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2012

ആരോഗ്യകരമായ ജീവിതത്തിനു മാസാഹാരത്തെക്കാള്‍ നല്ലത് പച്ചക്കറികള്‍ ആണെന്ന് നമുക്കറിയാം. എന്നാല്‍ ഇന്നത്തെ കാലത്ത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പച്ചക്കറികള്‍ വിഷമാണ് എന്ന് കേട്ടാല്‍ അതിശയിക്കണ്ട. ഒരു തരത്തില്‍ പറഞ്ഞാല്‍ നാം ഇപ്പോള്‍ ദിവസവും വിഷം കഴിച്ചാണ് ജീവിക്കുന്നത് എന്ന് ചുരുക്കം. വിത്തു മുളയ്ക്കാന്‍ മരുന്ന്, ചെടി വളരാന്‍ മരുന്ന്, പൂവിടാന്‍ മരുന്ന്, പൂവു കൊഴിയാതിരിക്കാന്‍ മരുന്ന്, കായ്ക്കാന്‍ മരുന്ന്, കായ വളരാന്‍ മരുന്ന്, ഒടുവില്‍ വിപണി വിലയ്ക്കനുസരിച്ചു കായ പഴുപ്പിക്കാന്‍ മരുന്ന്…

ഇതാണ് തമിഴ്നാട്ടുകാര്‍ കേരളത്തിലേക്ക് കയറി അയക്കുന്ന പച്ചക്കറി, അല്ല വിഷം! ഏതൊക്കെ മരുന്നും കീടനാശിനിയും ആണ് ഉപയോഗിക്കുന്നതെന്നോ, അ തൊക്കെ എന്തിനാണെന്നോ പോലും ഉപയോഗികുന്നവര്‍ക്ക് പോലും അറിയില്ല. കീടനാശിനി വില്‍പനക്കാരുടെ മനോധര്‍മത്തിനും താല്‍പര്യങ്ങള്‍ക്കുമനുസരിച്ചു പച്ചക്കറിയില്‍ മരുന്നു തളിച്ചുകൊണ്ടേയിരിക്കുന്നു. കേരളത്തിലേക്കു വരുന്ന പച്ചക്കറിയില്‍ അപകടകരമായ അളവില്‍ കീടനാശിനി അടങ്ങിയിട്ടുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്.

രണ്ടുതരം തോട്ടങ്ങളാണു പ്രധാനമായും തമിഴ്നാട്ടില്‍ കണ്ടുവരുന്നത്. കേരളവിപണി ലക്ഷ്യമിട്ടുള്ള വാഴയും പച്ചക്കറികളും. ഇതിനിടയില്‍ വീടുകളോടു ചേര്‍ന്നുള്ള ചെറിയ തോട്ടങ്ങളില്‍ കുറച്ചു വിളകള്‍. അതു സ്വന്തം വീട്ടാവശ്യത്തിനുള്ളത്. കച്ചവടത്തിനു വേണ്ടി മാത്രമുള്ള കൃഷിയുടെയും വിളവെടുപ്പിന്റെയും രീതികള്‍ വ്യത്യസ്തം. ചുരുക്കിപ്പറഞ്ഞാല്‍, അവര്‍ക്കു വേണ്ടതു വിഷമില്ലാതെ സാധാരണ രീതിയില്‍ വളര്‍ത്തിയെടുക്കുന്നു. മാര്‍ക്കറ്റിലേക്കുള്ളതു മരുന്നും കീടനാശിനികളും തളിച്ചു വലുപ്പവും തൂക്കവും വര്‍ധിപ്പിക്കുന്നു.

വിത്ത്‌ മുളയ്ക്കാന്‍ മരുന്നടി, പിന്നെ വളരാന്‍ അതിനുശേഷം പൂവിടാന്‍ വേണ്ടി ഒരു പ്രത്യേക മരുന്നുണ്ട്. പൂവു വിരിയാന്‍ മറ്റൊന്ന്. അതു കായയാവാന്‍ വേറൊന്ന്. കായ കൊഴിയാതിരിക്കാന്‍ ഇനിയൊന്ന്. വലുതാവാന്‍ ഒന്ന്. അങ്ങനെ എല്ലാം തളിച്ചുകൊണ്ടിരിക്കണം. കായ മൂപ്പെത്തിക്കഴിഞ്ഞാല്‍ പിന്നെ വിപണിയിലേക്കു ശ്രദ്ധിക്കും. വില വര്‍ധിച്ചുവരുന്ന ചന്തദിവസത്തിനു രണ്ടുദിവസം മുന്‍പ് ഒരു പ്രത്യേക മരുന്നു തളിക്കും. രണ്ടു ദിവസത്തിനുള്ളില്‍ കായ പഴുക്കും. നല്ല നിറവും കിട്ടും. ചിലപ്പോള്‍ കായ തണ്ടോടെ പൊട്ടിച്ചു ശേഖരിക്കും. രണ്ടുമാസം വരെ ഇരുന്നാലും മത്തന് ഒരു കുഴപ്പവും സംഭവിക്കില്ല. വില കൂടുന്നതിനനുസരിച്ചു മാത്രമേ വില്‍ക്കാറുള്ളൂ ഇവര്‍.

നമ്മള്‍ കരുതും വിലകൂടിയ പച്ചക്കറികളില്‍ മാത്രമേ വിഷം ഉള്ളൂ എന്ന് എന്നാല്‍ കേട്ടോളൂ കറിവേപ്പില വരെ വിഷമാണ്. അടുത്തിടെ 40 കറിവേപ്പില സാംപിള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവന്നത്. കാര്‍ബെന്‍ഡാസിന്‍, പ്രൊഫിനോഫോസ്, എന്‍ഡോസള്‍ഫാന്‍, ബീറ്റ ഡൈയൂത്രീന്‍, കാര്‍ബൊഫ്യൂറാന്‍ തുടങ്ങിയ മാരക കീടനാശിനികളാണ് 23 കറിവേപ്പില സാംപിളില്‍ കണ്ടെത്തിയത്. കാസര്‍കോട്ടു നിന്നു ഡിസംബറില്‍ ശേഖരിച്ച കറിവേപ്പില സാംപിളില്‍ പ്രൊഫിനോഫോസിന്റെ അംശം 20.3 പിപിഎം ആയിരുന്നു.

ഒന്നില്‍ കൂടുതലുള്ള അളവു മാരകമാകുമെന്നിരിക്കേ കേരളത്തെ ഞെട്ടിക്കുന്നതാണ് ഈ പരിശോധനാ ഫലം. കീടനാശിനികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള കറിവേപ്പിലയുടെയും വെണ്ടയ്ക്കയുടെയും ഇറക്കുമതി യൂറോപ്യന്‍ രാജ്യങ്ങള്‍ മൂന്നുമാസമായി തടഞ്ഞിരിക്കുകയാണ്. അതിനും മുന്‍പുതന്നെ മിക്ക ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള കറിവേപ്പില ഇറക്കുമതി നിരോധിച്ചുകഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ കൂടാതെ മാരകമെന്നു കണ്ടു സംസ്ഥാനം നിരോധിച്ച പ്രൊഫിനോഫോസ്, കാര്‍ബോഫ്യൂഡാന്‍ എന്നീ കീടനാശിനികളുടെയും സാന്നിധ്യം തമിഴ്നാട്ടില്‍ നിന്നെത്തുന്ന കറിവേപ്പിലയില്‍ വ്യാപകമായി കണ്ടെത്തിയിരുന്നു.

പച്ചക്കറിയില്‍ മലാത്തിയോണ്‍: എറണാകുളം റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പച്ചക്കറികള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലം

കീടനാശിനി കണ്ടെത്തിയ പച്ചക്കറി സാംപിളുകള്‍: 23
കീടനാശിനി കണ്ടെത്തിയ പഴം സാംപിളുകള്‍: 10
കണ്ടെത്തിയ കീടനാശിനി: ഒാര്‍ഗാനോ ഫോസ്ഫറസ്
വാഴപ്പഴം, ഒാറഞ്ച്, മുന്തിരി, മാമ്പഴം, ആപ്പിള്‍, പേരയ്ക്ക തുടങ്ങിയ പഴങ്ങളിലും വെണ്ടയ്ക്ക, പാവയ്ക്ക, അമരപ്പയര്‍, കാരറ്റ്, കോളിഫ്ളവര്‍, ബീന്‍സ്, തക്കാളി, മല്ലിയില, കറിവേപ്പില, കത്തിരിക്ക, ഉരുളക്കിഴങ്ങ്, മുള്ളങ്കി തുടങ്ങിയവയുടെ ഒന്നിലേറെ സാംപിളുകളിലും ഒാര്‍ഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍ പെടുന്ന മലാത്തിയോണ്‍, പാരതയോണ്‍, എത്തിയോണ്‍ തുടങ്ങിയ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.

ഞരമ്പുകളിലെ ഒരു സെല്ലില്‍ നിന്നു മറ്റു സെല്ലുകളിലേക്കുള്ള സംവേദനം തടയുന്നതാണു ഓര്‍ഗാനോ ഫോസ്ഫറസ് കീടനാശിനികളുടെ പ്രവര്‍ത്തന രീതി. ഇൌ വിഷത്തിന്റെ സാന്നിധ്യം ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റിക്കുകയും ശ്വാസതടസ്സമുണ്ടാക്കുകയും ചെയ്യും. അധികമായാല്‍ ഇൌ വിഷം ക്യാന്‍സറിനും കാരണമാകും.

അവയവങ്ങളെ നശിപ്പിക്കുന്ന കീടനാശിനികള്‍

കണ്ണ്: കറിവേപ്പിലയില്‍ ഉപയോഗിക്കുന്ന മിക്ക കീടനാശിനികളും കാഴ്ചക്കുറവുണ്ടാക്കുന്നവ.

ഹൃദയം: മലാത്തിയോണ്‍, പാരതയോണ്‍, എത്തിയോണ്‍ – ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നു

ശ്വാസകോശം: മലാത്തിയോണ്‍, പാരതയോണ്‍, എത്തിയോണ്‍ – ശ്വാസതടസ്സമുണ്ടാക്കുന്നു. കാന്‍സറിനു കാരണമാകുന്നു.

കരള്‍: മിക്ക കീടനാശിനികളും കാന്‍സറിനു കാരണമാകുന്നു. ക്വിനാല്‍ഫോസ്, പ്രൊഫിനോഫോസ്, ഫെന്‍വാലറേറ്റ് എന്നിവ കേടുപാടുണ്ടാക്കുന്നു.

വൃക്ക: മിക്ക കീടനാശിനികളും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

ഞരമ്പുകള്‍: ഓര്‍ഗാനോ ഫോസ്ഫറസ് കുടുംബത്തില്‍ പെട്ട കീടനാശിനികള്‍ സംവേദനം തടയുന്നു

ത്വക്ക്: മിക്ക കീടനാശിനികളും കാന്‍സറിനു കാരണമാകുന്നു.എന്‍ഡോസള്‍ഫാന്‍ അടക്കമുള്ളവ മറ്റു ത്വക്രോഗങ്ങള്‍ക്കും കാരണം.
ഇവ കൂടാതെ ദഹനക്കേടു മുതല്‍ അള്‍സര്‍, സ്തനാര്‍ബുദം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്കു വരെ പല കീടനാശിനികളും കാരണമാകുന്നു.

കടപ്പാട് : മനോരമ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.