സ്വന്തം ലേഖകന്‍: ചോരപ്പുഴയില്‍ മുങ്ങി സ്‌പെയിനിലെ കാറ്റലോണിയന്‍ ഹിതപരിശോധന, പോലീസ് അതിക്രമങ്ങളില്‍ 500 ഓളം പേര്‍ക്ക് പരുക്ക്. സ്‌പെയിനിന്റെ വടക്കു കിഴക്കന്‍ പ്രദേശമായ കാറ്റലോണിയയില്‍ മേഖലാ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹിതപരിശോധന പുരോഗമിക്കുന്നതിനിടെ പോളിങ് സ്റ്റേഷനുകളിലേക്ക് തള്ളിക്കയറിയ സ്പാനിഷ് പോലീസ് വോട്ടെടുപ്പ് തടസ്സപ്പെടുത്തി ജനങ്ങളെ അടിച്ചോടിക്കുകയായിരുന്നു.
പോലിസ് ആക്രമണത്തില്‍ 465 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 38 പേരുടെ നില ഗുരുതരമാണ്. സ്പാനിഷ് സര്‍ക്കാരിന്റെ വിലക്ക് അവഗണിച്ചാണ് സ്വതന്ത്ര കാറ്റലോണിയക്കായുള്ള ഹിതപരിശോധന നടത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും നേരെ പൊലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഹിരോണ പ്രവിശ്യയിലെ പോളിങ് സ്റ്റേഷനുകളിലൊന്നില്‍ കാറ്റലോണിയന്‍ വിഘടനവാദി നേതാവ് കാള്‍സ് പഗ്ഡമന്‍ഡ് വോട്ടു ചെയ്യാനെത്തുന്നതിനു തൊട്ടു മുന്‍പായിരുന്നു പൊലീസ് ഇരച്ചു കയറിയത്. ജനങ്ങളുടെ മുദ്രാവാക്യം വിളിക്കും കാറ്റലോണിയന്‍ ദേശീയ ഗാനാലാപനത്തിനും ഇടയില്‍ പൊലീസ് ചില്ലുവാതില്‍ തല്ലിത്തകര്‍ത്ത് അകത്തു കയറുകയായിരുന്നു. സമാധാനത്തിന്റെ വക്താക്കളാണു ഞങ്ങള്‍ എന്ന മുദ്രാവാക്യവുമായി വന്ന ജനക്കൂട്ടത്തിനു നേരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് കാറ്റലോണിയന്‍ നേതാക്കള്‍ ആരോപിച്ചു.
അക്രമം പ്രതീക്ഷിച്ചതിനാല്‍ ആംബുലന്‍സുകളും അടിയന്തര ശുശ്രൂഷാസംവിധാനങ്ങളും തയാറാക്കിയിരുന്നു. അതിനിടെ പഗ്ഡമന്‍ഡ് മറ്റൊരു പോളിങ് സ്റ്റേഷനിലെത്തി വോട്ടു ചെയ്തു. ഹിതപരിശോധന ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ച് അടിച്ചമര്‍ത്താന്‍ ആയിരക്കണക്കിനു പൊലീസുകാരെയാണ് സ്പാനിഷ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. രാവിലെ ഒന്‍പതോടെ 2300 ഓളം പോളിങ് സ്റ്റേഷനുകളില്‍ വോട്ടിങ് ആരംഭിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ പോളിങ് കേന്ദ്രങ്ങളായ സ്‌കൂളുകളിലേറെയും വെള്ളിയാഴ്ച തന്നെ പൊലീസ് അടച്ചുപൂട്ടി. അതേസമയം വെള്ളിയാഴ്ച രാത്രിയോടെ കുടുംബ സമേതം എത്തിയ വോട്ടര്‍മാര്‍ ചില സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ കയ്യേറി താമസമാരംഭിച്ചു. 2315 സ്‌കൂളുകളില്‍ 1300 സ്‌കൂളുകളും അടച്ചുപൂട്ടിയതായും 163 സ്‌കൂളുകള്‍ ജനങ്ങള്‍ കയ്യേറിയതായും അധികൃതര്‍ അറിയിച്ചു. പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് റബര്‍ ബുള്ളറ്റ് പ്രയോഗവും നടത്തി. ബാര്‍സിലോണയില്‍ നിന്നാണ് റബര്‍ ബുള്ളറ്റ് പ്രയോഗമുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍.
ബാലറ്റ് പെട്ടികള്‍ പിടിച്ചെടുക്കുന്നതിനിടെയായിരുന്നു അക്രമം. കലാപം തടയുന്നതിനുള്ള പരിശീലനം ലഭിച്ച പൊലീസിനെയാണ് ബാര്‍സിലോണയില്‍ ഉള്‍പ്പെടെ പോളിങ് സ്റ്റേഷനുകളില്‍ നിയോഗിച്ചിരുന്നത്. ഹിതപരിശോധനയ്ക്കിടെ നടന്ന ആക്രമണങ്ങളെ ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കിള്‍ അപലപിച്ചു. അതേസമയം സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയി രാജിവെക്കണമെന്ന് ബാഴ്‌സലോണ മേയര്‍ അദ കൊലൗ ആവശ്യപ്പെട്ടു.
അനുകൂല ജനവിധിയുണ്ടായാല്‍ 48 മണിക്കൂറിനകം സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണു മേഖലാ സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ മാസം ആറിനാണു കാറ്റലോണിയ പാര്‍ലമെന്റ് ഹിതപരിശോധനയ്ക്ക് അംഗീകാരം നല്‍കിയത്. പിറ്റേന്നു ഹിതപരിശോധന വിലക്കി സ്‌പെയിനിലെ ഭരണഘടനാ കോടതി ഉത്തരവിട്ടു. സ്‌പെയിനിലെ ഏറ്റവും സമ്പന്നമായ മേഖലയായ കാറ്റലോണിയ സ്വതന്ത്ര ഭരണപ്രദേശമാണ്. സ്വന്തം ഭാഷയും സംസ്‌കാരവുമുള്ള കാറ്റലോണിയക്കാര്‍ സ്‌പെയിന്‍കാരില്‍ നിന്ന് വേറിട്ട ജനതയായാണ് സ്വയം കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല