സ്വന്തം ലേഖകന്‍: യുഎഇയിലേക്ക് പോകുന്ന പ്രവാസികളുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലീസ് സ്റ്റേഷനുകളില്‍നിന്ന്. പലരും ഇതറിയാതെ കാനഡ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്ന രീതിയാണ് പിന്തുടരുന്നത്. പാസ്‌പോര്‍ട്ട് ഓഫീസറാണ് ഈ രാജ്യങ്ങള്‍ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 12 ദിവസത്തിനു മുകളില്‍ ഇതിനായി സമയമെടുക്കുകയും ചെയ്യുന്നു. ഈ രീതി പിന്തുടരുന്നവര്‍ അപേക്ഷ യു.എ.ഇ. എംബസിയില്‍ സമര്‍പ്പിക്കുമ്പോള്‍ നിരസിക്കുകയാണ്.
പൊതുജനങ്ങള്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെറും മൂന്നുദിവസത്തിനുള്ളില്‍ യു.എ.ഇ.യിലേക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്റ്റേഷനുകളില്‍നിന്ന് ലഭിക്കും. കഴിഞ്ഞമാസമാണ് ഇതുസംബന്ധിച്ച് ഡി.ജി.പി.യുടെ ഉത്തരവ് ഇറങ്ങിയത്. ജോലി തേടുന്ന എല്ലാവരും നാട്ടില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ അഞ്ചുവര്‍ഷമായി മറ്റൊരു രാജ്യത്താണ് താമസമെങ്കില്‍ അവിടെനിന്നാണ് ഹാജരാക്കേണ്ടത്.
ഒന്നിലേറെ രാജ്യങ്ങളില്‍ ജീവിച്ചിട്ടുണ്ടെങ്കില്‍ അവിടെനിന്നെല്ലാം ഹാജരാക്കണം. മൂന്നുമാസമാണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. യു.എ.ഇ.യില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ വിസ പുതുക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. പുതിയ തൊഴില്‍വിസയിലേക്ക് മാറുമ്പോള്‍ ഹാജരാക്കണം. തൊഴില്‍ വിസയിലെത്തുന്നവരുടെ കുടുംബാംഗങ്ങള്‍, ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണ്ട. 500 രൂപയാണ് ഫീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല