മതിയായ രേഖകള്‍ ഇല്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരാകാശ കൂട്ടായ്മ എന്ന സംഘടന നല്‍കിയ പരാതിപ്രകാരമാണ് അന്വേഷണം. ഈ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജു അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘം മോഹന്‍ലാലിന്റെ മൊഴിയെടുക്കും.
ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തുത്തത്.ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണെന്നും ഇല്ലെങ്കില്‍ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞിരുന്നു. പിന്നീട് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ താരത്തിന് അനുമതിയില്ലെന്ന് വ്യക്തമായി.
2012 ഫെബ്രുവരി 29ന് വന്യജീവിവിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ക്ക് സമര്‍പ്പിക്കപ്പെട്ട അപേക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ കണ്ടെടുത്തത് ആനക്കൊമ്പു തന്നെ എന്ന് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ആനക്കൊമ്പ് എവിടെയാണെന്ന ചോദ്യത്തിന് അത് തങ്ങള്‍ക്ക് കൈമാറ്റം ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. അപ്പോള്‍ കൈമാറ്റം ചെയ്യപ്പെടാത്ത വസ്തു ആനക്കൊമ്പാണെന്ന് വനം വകുപ്പ് എങ്ങനെ തിട്ടപ്പെടുത്തിയെന്നത് ചര്‍്ച്ചയായിരുന്നു.
ആനക്കൊമ്പാണെന്ന് സംശയമുയര്‍ന്ന വസ്തു കസ്റ്റഡിയിലെടുക്കേണ്ടതിന് പകരം അത് ലാലിന്റെ വീട്ടില്‍ തന്നെ സൂക്ഷിച്ച നടപടി വിവാദമായിരുന്നു. ലാലിനെതിരെ നടപടിയെടുക്കാത്തതിന് പിന്നില്‍ നടനും വനംമന്ത്രിയുമായ ഗണേഷ് കുമാറിന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല