ബ്രിട്ടിഷ് പാര്‍ലമെന്റ് 1807-ല്‍ അടിമക്കച്ചവടം തടയുന്നതിനുള്ള നിയമം പാസ്സാക്കിയതാണ് എന്നിട്ടും ഇപ്പോഴും ബ്രിട്ടനില്‍ അടിമകള്‍ ഉണ്ടെന്നതാണ് ഞെട്ടിക്കുന്ന വിവരം. ബെഡ്ഫോര്‍ഡ്ഷെയറില്‍ ഇന്നലെ ഇരുന്നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ അടിമകളായ 24 പുരുഷന്മാരെ മോചിപ്പിച്ചിരിക്കുകയാണ്. ഇവിടുത്തെ ഗ്രീന്‍ ഏക്കര്‍ കാരവന് സൈറ്റില്‍ അടിമകളായി കഴിഞ്ഞവരെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ച് പേര് അറസ്റ്റിലാവുകയും ചെയ്തു.
പ്രദേശത്തെ റോഡുകള്‍ മുഴുവന്‍ പൊലീസ് വാഹനങ്ങളും മറ്റുമുപയോഗിച്ച് ബ്ലോക്ക് ചെയ്ത ശേഷമായിരുന്നു റെയ്ഡ്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം ഇവിടെയെത്തിയത്. എന്നാല്‍ സമീപവാസികളാരും ഇവിടെയെന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. മോചിപ്പിക്കപ്പെട്ടവരില്‍ പതിനഞ്ച് വര്‍ഷത്തോളമായി ഇവിടെ കഴിയുന്നവരുമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി അതേസമയം കൂട്ടത്തില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെയെത്തിയവരും ഉണ്ട്.
ഇവരെല്ലാവരും ദാരിദ്ര്യം മൂലം നിര്‍ബന്ധിതമായി ജോലി ചെയ്യേണ്ടി വന്നവരും പ്രതിഫലമില്ലാതെ ജോലി ചെയ്തവരുമാണെന്ന് പൊലീസ് കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരുടെയും ആരോഗ്യ സ്ഥിതി മോശമാണെന്നാണ് അറിയുന്നത്. ഇവരുടെയാരുടെയും മൊഴിയെടുക്കാന്‍ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. ബ്രിട്ടീഷുകാരോ കിഴക്കന്‍ യൂറോപ്യന്കാരോ ആണ് മോചിപ്പിക്കപ്പെട്ടവരെല്ലാമെന്നു പൊലീസ് വ്യക്തമാക്കി.
ഇതോടെ ബ്രിട്ടനില്‍ ശക്തമായി വേര് പിടിക്കുന്ന അടിമ സമ്പ്രദായത്തിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അറസ്റ്റിലായവരെല്ലാം സമീപവാസികളാണ്. വിനോദസഞ്ചാരികളുടെ സ്ഥിരം സന്ദര്‍ശന സ്ഥലമാണ് ബെഡ്ഫോര്‍ഡ്ഷെയര്‍. എന്നാല്‍ ഇവിടെ ഈ മനുഷ്യരെക്കൊണ്ട് എത്തരം ജോലികളാണ് ചെയ്യിച്ചിരുന്നതെന്ന് പൊലീസിന് ഇനിയും വ്യക്തമായിട്ടില്ല. അധികം വൈകാതെ സമീപവാസികളില്‍ നിന്നും ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന 24 പേരില്‍നിന്നും ഇക്കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല