സ്വന്തം ലേഖകന്‍: ഇന്ത്യ കാണാനെത്തിയ റഷ്യന്‍ യുവാവിന് എടിഎം കാര്‍ഡ് പണികൊടുത്തു, ക്ഷേത്രനടയില്‍ ഭിക്ഷ യാചിച്ച യുവാവിന് സഹായവുമായി പോലീസും നാട്ടുകാരും ഒടുവില്‍ സുഷമ സ്വരാജും. ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ കാണാന്‍ എത്തിയ 32 കാരനായ റഷ്യന്‍ വിദ്യാര്‍ഥി ഇവാഞ്ചലിന്‍ ബെര്‍നിക്കോവാണ് പണമില്ലാതെ വട്ടംതിരിഞ്ഞ് യാചകനായത്.
സാങ്കേതിക തകരാര്‍ മൂലം എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെട്ടതോടെയാണ് ഭക്ഷണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ പണമില്ലാതെ ഇവാഞ്ചലിന്‍ കാഞ്ചീപുരത്തെ ക്ഷേത്രനടയില്‍ ഭിക്ഷ യാചിക്കാന്‍ തുടങ്ങിയത്. എന്നാല്‍ സാധാരണ ഭിക്ഷക്കാര്‍ക്കിടയില്‍ സായിപ്പിനെ കണ്ടതോടെ നാട്ടുകാരും തുടര്‍ന്ന് തമിഴ്‌നാട് പൊലീസും കാര്യം അന്വേഷിച്ചെത്തി. സംഭവം വ്യക്തമായതോടെ ഇവാഞ്ചലിന് സഹായവുമെത്തി.
കഴിഞ്ഞ മാസം 24ന് ഇന്ത്യയിലെത്തിയ ഇവാഞ്ചലിന്‍ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനു ശേഷമാണു കാഞ്ചീപുരത്തെത്തിയത്. ഇവിടെവച്ചു പലവട്ടം തെറ്റായി ‘പിന്‍’ അടിച്ചതു മൂലം എടിഎം കാര്‍ഡ് ബ്ലോക്കായതോടെ കുടുങ്ങുകയായിരുന്നു. കാഞ്ചീപുരം കുമാരകോട്ട ക്ഷേത്രത്തില്‍ ഒരു രാത്രി ചെലവഴിച്ചു. വിശപ്പും ദാഹവും സഹിക്കാതായപ്പോള്‍ ക്ഷേത്രനടയില്‍ യാചകനായി. കയ്യില്‍ തൊപ്പിയുമായി ഭിക്ഷ തേടുന്ന വിദേശി പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടു.
ചിലര്‍ പണം നല്‍കുകയും ചെയ്തു. ഇതിനിടെ അന്വേഷിച്ചെത്തിയ പൊലീസിനോടു വിവരങ്ങള്‍ പറഞ്ഞു. വയറുനിറച്ചു ഭക്ഷണം വാങ്ങി നല്‍കിയ പൊലീസ്, ട്രെയിനില്‍ കയറ്റി ചെന്നൈയിലേക്കു വിട്ടു. റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ സംരക്ഷണയില്‍ കഴിയവേയാണു മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍. ഇന്ത്യയും റഷ്യയും ഉറ്റ സുഹൃത്തുക്കളാണെന്നും ഇവാഞ്ചലിന് എല്ലാ സഹായവും നല്‍കുമെന്നുമായിരുന്നു മന്ത്രിയുടെ വാഗ്ദാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല