ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ഒളിച്ചോടിപ്പോയ മൂന്ന് ബ്രിട്ടീഷ് പെണ്‍കുട്ടികളും ടര്‍ക്കിയുടെ അതിര്‍ത്തി കടന്ന് സിറിയയില്‍ പ്രവേശിച്ചതായി സൂചന. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുമ്പ് ടര്‍ക്കി, സിറിയ അതിര്‍ത്തിയിലൂടെ മൂന്നു പെണ്‍കുട്ടികളേയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഒളിച്ചു കടത്തിയെന്ന് ബിബിസി പറയുന്നു.
പെണ്‍കുട്ടികള്‍ ടര്‍ക്കി വിട്ടെന്നാണ് ലഭ്യമായ എല്ലാ വിവരങ്ങളും കാണിക്കുന്നത്. അവര്‍ അതിര്‍ത്തി കടന്ന് സിറിയയില്‍ എത്തിയെന്നത് ഏതാണ്ട് ഉറപ്പാണ്. ടര്‍ക്കിഷ് അധികാരികളോടൊപ്പം തങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിപ്പില്‍ പറയുന്നു.
നേരത്തെ അന്വേഷണം വൈകിപ്പിച്ചു എന്ന പേരില്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ടര്‍ക്കി ഉപ പ്രധാനമന്ത്രിയുടെ പഴി കേട്ടിരുന്നു. സംഭവം നടന്ന് മൂന്നു ദിവസത്തിനു ശേഷമാണ് വിവരം തങ്ങളെ അറിയിച്ചതെന്നും അത് അന്വേഷണത്തെ ബാധിച്ചുവെന്നുമാണ് ടര്‍ക്കിയുടെ ഉപ പ്രധാനമന്ത്രിയുടെ ആരോപണം.
എന്നാല്‍ പെണ്‍കുട്ടികളെ കാണാതായതിന്റെ പിറ്റേ ദിവസം തന്നെ തങ്ങള്‍ ടര്‍ക്കിയിലെ അധികാരികളുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ കൈമാറുകയു ചെയ്‌തെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അറിയിപ്പില്‍ പറയുന്നു.
പതിനഞ്ചു വയസുള്ള ഷാമിന ബീഗം, അമീറ അബ്ബാസ്, പതിനാറുകാരിയായ കദീസ സുല്‍ത്താന എന്നിവരാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ഒളിച്ചോടിയത്. മൂന്നു പേരും കിഴക്കന്‍ ലണ്ടനിലെ ബ്രെത്‌നല്‍ ഗ്രീന്‍ അക്കാദമിയില്‍ ജിസിഎസ്ഇ വിദ്യാര്‍ഥിനികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല