ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായുള്ള 400 കുട്ടികള്‍ക്ക് നേരെ പൊലീസ് വൈദ്യുത തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് രേഖകള്‍. 2013 വര്‍ഷത്തിലെ രേഖകള്‍ ശേഖരിച്ച് പുറത്ത് വിട്ടത് ബിബിസി ന്യൂസാണ്. ഹോം ഓഫീസിലെ ടസെര്‍ ഡേറ്റാ ബേസിലാണ് പൊലീസ് കുട്ടികള്‍ക്ക് നേരെ വൈദ്യുതി തോക്ക് ഉപയോഗിച്ചതിന്‌റെ കണക്കുകളുള്ളത്.
2013ല്‍ 401 കുട്ടികള്‍ക്ക് നേരെയാണ് വൈദ്യുതി തോക്ക് ഉപയോഗിച്ചത്. 2012ലെ കണക്കുകളെക്കാള്‍ 38 ശതമാനം കൂടുതലാണിത്. വൈദ്യുതി തോക്ക് കുട്ടികള്‍ക്ക് നേരെ ഉപയോഗിക്കുന്നതിന്റെ മാനദണ്ഡം പുനപരിശോധിക്കണമെന്ന് വൈദ്യുതി തോക്ക് പൊലീസ് സേനയിലേക്ക് പരിചയപ്പെടുത്തിയ ലേബര്‍ ഹോം സെക്രട്ടറി ഡേവിഡ് ബ്ലങ്കെറ്റ് ആവശ്യപ്പെട്ടു. ടസെര്‍ ഉപയോഗം സംബന്ധിച്ച കണക്കുകളും കാര്യങ്ങളും ഉടന്‍ പരിശോധിക്കാന്‍ ഹോം സെക്രട്ടറി തെരേസാ മെയ് ഉത്തരവിട്ടിട്ടുണ്ട് മന്ത്രാലയ വക്താവ് പറഞ്ഞു.
ഫ്രീഡം ഓഫ് ഇന്‍ഫോര്‍മേഷന്‍ നിയമ പ്രകാരമാണ് ബിബിസി ന്യൂസ് ഈ കണക്കുകള്‍ ശേഖരിച്ചത്. ടസെര്‍ ചൂണ്ടിയിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ കുട്ടി 11 വയസ്സുകാരനാണ്, ടസെര്‍ പ്രയോഗിച്ചിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ കുട്ടി 14കാരനാണ്. വൈദ്യുത തോക്ക് ചൂണ്ടി ഭയപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രായം കൂടിയ ആള്‍ 85 വയസ്സുകാരനാണ്, വൈദ്യുത തോക്ക് ഉപയോഗിച്ച് ഷോക്കേല്‍പ്പിച്ചിട്ടുള്ള ഏറ്റവും പ്രായം കൂടിയ വ്യക്തി 82കാരനാണ്.
പൊലീസ് ഷോക്ക് ഏല്‍പ്പിക്കുന്ന വ്യക്തികളുടെ പ്രായവും മറ്റും പൊലീസിന്റെ നിഗമനങ്ങള്‍ മാത്രമായിരിക്കുമെന്നുള്ള പോരായ്മകള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ വൈദ്യുതി തോക്ക് ഉപയോഗത്തിന്റെ കണക്കുകള്‍ പുറത്ത് വിടാറില്ലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല