1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2012


സാല്‍ഫോര്‍ഡില്‍ ബോക്‌സിംഗ്‌ ഡേയില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ രക്ഷിതാക്കളെ സന്ദര്‍ശിക്കുന്നതിനായി ബ്രിട്ടനില്‍ നിന്നുള്ള പൊലീസ്‌ ഓഫീസര്‍മാര്‍ ഇന്ന്‌ ഇന്ത്യയിലേക്കു പുറപ്പെടും. ഡിസംബര്‍ 26നാണ്‌ 23കാരനായ അന്‍ജു ബിദ്വെ വെടിയേറ്റു മരിച്ചത്‌. അന്‍ജുവിന്റെ മരണം അദ്ദേഹത്തിന്റെ പിതാവ്‌ സുഭാഷ്‌ ബിദ്വെ ഫെയ്‌സ്‌ ബുക്കിലൂടെ അറിഞ്ഞതിനുശേഷമാണ്‌ യു.കെയില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്‌ അദ്ദേഹത്തിനു ലഭിച്ചത്‌.
ജിഎംപി ചീഫ്‌ സുപ്രണ്ട്‌ റസ്സ്‌ ജാക്‌സണിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ ഇന്ത്യയിലെ ഉദ്യോഗസ്ഥരോടൊപ്പം ബിദ്വയുടെ കുടുംബത്തെ സന്ദര്‍ശിക്കുക. ഇത്തരം ദുരന്തങ്ങള്‍ അഭിമുഖീകരിക്കുന്ന കുടുംബങ്ങള്‍ക്ക്‌ കൗണ്‍സിലിംഗ്‌ നല്‍കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ഫാമിലി ലെയ്‌സണ്‍ ഓഫീസറും സംഘത്തിലുണ്ട്‌.
ടെലഫോണ്‍ വഴി കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നത്‌ അപര്യാപ്‌തമാണെന്നതിനാലാണ്‌ സംഘം നേരിട്ട്‌ ഇന്ത്യയിലെത്തി ബിദ്വെ കുടുംബത്തെ കാണുന്നത്‌. അന്‍ജുവിന്റെ കുടുംബവുമായി ഫാമിലി ലെയ്‌സണ്‍ ഓഫീസര്‍ മുടങ്ങാതെ ബന്ധപ്പെട്ടിരുന്നതായും ജിഎംപി അധികൃതര്‍ പറഞ്ഞു. അവര്‍ക്ക്‌ ആവശ്യമായ എന്തു സഹായവും നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.
അന്‍ജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ 19കാരന്‌ മാര്‍ച്ച്‌ അവസാനം വരെ ജാമ്യം അനുവദിച്ചു. മറ്റൊരു 20കാരനെ പൊലീസ്‌ ചോദ്യം ചെയ്‌തു വരികയാണ്‌. ഒരു 16കാരനും 17 വയസ്സുള്ള മറ്റു രണ്ടുപേരും നേരത്തേ പിടിയിലാകുകയും ജാമ്യത്തില്‍ പോകുകയും ചെയ്‌തിരുന്നു. ബിദ്വയുടെ ദാരുണമരണത്തിന്‌ ഇടയാക്കിയ കൊലപാതകിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്‌ യു.കെ പൊലീസ്‌ 50,000 പൗണ്ട്‌ റിവാര്‍ഡ്‌ പ്രഖ്യാപിച്ചിരുന്നു.
അന്‍ജു ബിദ്വ അടക്കം ഒന്‍പത്‌ യുവതീയുവാക്കളടങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി സംഘം ക്രിസ്‌മസ്‌ അവധിക്ക്‌ മാഞ്ചസ്റ്റര്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. ബോക്‌സിംഗ്‌ ഡേയില്‍ പുലര്‍ച്ചെ 1.30നാണ്‌ അഞ്‌ജു കൊല്ലപ്പെട്ടത്‌. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന്‌ പുറത്തിറങ്ങി നടക്കവേ 20 വയസ്സ്‌ തോന്നിക്കുന്ന ചാര നിറമുള്ള ടോപ്പ്‌ ധരിച്ചെത്തിയ അക്രമി അന്‍ജുവുമായി എന്തോ സംസാരിക്കുകയും തുടര്‍ന്ന്‌ തൊട്ടടുത്തു നിന്ന്‌ തലയുടെ വശത്ത്‌ വെടിയുതിര്‍ക്കുകയുമായിരുന്നു. ഉടന്‍തന്നെ അന്‍ജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ചു മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.