അടിയന്തരാവസ്ഥകാലത്തെ കേരള പോലീസിന്റെ നടപടികളെ അനുസ്മരിപ്പിക്കും വിധമായിരുന്നു മുന്‍കാല പോലീസ് ഓഫീസറായ ടിമോത്തി അല്ലട്ട് കാര്‍ മോഷ്ടാവെന്ന സംശയത്തിന്റെ പേരില്‍ ഒരാളെ ഇടിച്ച് പാപ്പരാക്കിയത്. എന്നാല്‍ സ്ഥലം കേരളവും കാലം അടിയന്താരവസ്ഥക്കാലവും അല്ലാത്തതിനാല്‍ തൊപ്പി പോയി എന്ന് മാത്രമല്ല നോട്ടിംഗ്ഹാംഷെയര്‍ പോലീസ് കോണ്‍സ്റ്റബിളായ ‘ഇടിക്കാരന്‍ ‘ പോലീസിനോട് എട്ട് മാസം അഴിയെണ്ണി ജയിലില്‍ കഴിയാന്‍ കൂടി പറഞ്ഞിരിക്കുകയാണ് മാന്‍സ്ഫീല്‍ഡ് മജിസ്ട്രേട്ട് കോടതി.
33 കാരനായ ടിമോത്തി ജേക് ബ്രാംലിയെന്നയാളെയാണ് ഇടിച്ച് ചോര തുപ്പിച്ചത്, വിചാരണ നടന്ന രണ്ട് ദിവസത്തിനിടയില്‍ കോടതി കേട്ട ക്രൂരത ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 25 നു വെളുപ്പിനാണ് ബ്രാംലിയെ പിന്തുടരുകയും സ്നീട്ടന്‍ ഏരിയയില്‍ വെച്ച് പിടിക്കുകയും ചെയ്തത്. പിടിച്ചു വിലങ്ങ് വെച്ച് സ്റ്റേഷനില്‍ കൊണ്ട് പോകുന്നതിന് പകരം ടിമോത്തി ഇടിക്കുകയും നിലത്തിട്ടു ചവിട്ടി കൂട്ടുകയും ചെയ്തത്രേ, ഇതും പോരാഞ്ഞ് ചുമരിലേക്കു എടുത്തെറിഞ്ഞ ശേഷം മുഖം ചുമരില്‍ ഉരസുകയും അതിനു ശേഷം നെഞ്ച് ഇടിച്ച് തകര്‍ക്കുകയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ബ്രാംലിയെ ക്യൂന്‍സ് മെഡിക്കല്‍ സെന്ററില്‍ അഡമിറ്റ് ചെയ്തപ്പോള്‍ മുഖത്ത് മുഴവന്‍ മുറിവുകളും ശ്വാസകോശങ്ങള്‍ തകരുകയും ചെയ്തിരുന്നു. എന്നാല്‍ ടിമോത്തി ഇതൊക്കെ കോടതിയില്‍ നിഷേധിക്കുകയും താന്‍ കാര്‍ മോഷ്ടാവായ ഇയാളെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബ്രാംലിയെ ഇടിച്ചതെന്നും കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി പോലീസുകാരന്‍ ചെയ്തത് മാരകമായ കുറ്റമാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. ഇത്തരത്തില്‍ ജനങ്ങളെ സേവിക്കേണ്ടവര്‍ തന്നെ അവരെ ചൂഷണം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്നത് ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസവും താല്‍പര്യവും നഷ്ടപ്പെടുത്തുമെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് കോടതി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല