ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വൈദ്യപരിശോധനയ്ക്കായി സ്വകാര്യവാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ കൂടി നടപടിയുണ്ടാവും. ജയരാജന്റെ വാഹനത്തിന് അകമ്പടി പോയ എ.ആര്.ക്യാമ്പ് എ.എസ്.ഐ രവീന്ദ്രന്, സി.പി.ഒമാരായ ഹരീഷ്, രൂപേഷ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക.
ഇവര്‍ കുറ്റക്കാരാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കാന്‍ തീരുമാനമായത്.
ജയരാജന്റെ യാത്ര വിവാദമായതിനെ തുടര്‍ന്ന് ബുധനാഴ്ച തന്നെ കണ്ണൂര്‍ എ.ആര്.ക്യാമ്പിലെ സീനിയര്‍ സി.പി.ഒ വിനോദ്, സി.പി.ഒ സജേഷ് എന്നിവരെ സസ്പെന്റ് ചെയ്തിരുന്നു.
വൈദ്യപരിശോധനയ്ക്കായി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത് ജയരാജന്റെ തന്നെ വാഹനത്തിലായിരുന്നു. കെ.എല്‍ 58 സി 1717 എന്ന നമ്പരിലുള്ള ബൊലേറോയില്‍ മുന്‍സീറ്റിലായിരുന്നു ജയരാജന് ഇരുന്നത്. പൊലീസുകാരും ജയില്‍ അധികൃതരും പിന്‍സീറ്റിലും. ബുധനാഴ്ച രാവിലെ 9.40 ഓടെയാണ് ജയരാജന് ആശുപത്രിയില്‍ എത്തിയത്. ജയിലിലെ വാഹനത്തിന് തകരാറുള്ളതിനാലാണ് സ്വകര്യ വാഹനത്തെ ആശ്രയിച്ചതെന്ന വിശദീകരണമാണ് ബന്ധപ്പെട്ടവര്‍ നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല