സ്വന്തം ലേഖകന്‍: കാമറയ്ക്കു മുന്നില്‍ കൈകൊടുത്തില്ല, ട്രംപിനെ ഇളിഭ്യനാക്കി പോളിഷ് പ്രഥമ വനിത. പോളണ്ടിലെ പ്രസിഡന്റ് ആന്‍ഡ്ര ഡുഡയുടെ ഭാര്യ അഗത ഡുഡെ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ കാമറകളുടെ മുന്നില്‍ നാണം കെടുത്തിയതാണ് സമൂഹ മാധ്യമങ്ങളുടെ പുതിയ കണ്ടുപിടുത്തം. ഹാന്‍ഡ് ഷേക്കിനായി നീട്ടിയ ട്രംപിന്റെ കൈ അവഗണിച്ച് അഗത മെലാനിയയുടെ അടുത്തേക്ക് നീങ്ങിയതാണ് ഇത്തവണ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത്.
പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോവില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രസിഡന്റും ഭാര്യ മെലാനിയയും. ആതിഥേയരായ പ്രസിഡന്റ് ഡുഡയുടെ കൈ കുലുക്കിയ ശേഷം ട്രംപ് ഭാര്യ അഗത ഡുഡക്ക് നേരെയും കൈനീട്ടി. അതു ശ്രദ്ധിക്കാതെ അഗത മെലാനിയക്ക് നേരെ നടക്കുക്കുകയായിരുന്നു. മെലാനിയയുമായി സൗഹൃദം പങ്കുവെച്ച ശേഷമാണ് അഗത ട്രംപിന് ഹാന്‍ഡഷേക്ക് നല്‍കിയത്. ഈ സമയമത്രയും നീട്ടിപ്പിടിച്ച കൈയുമായി നില്‍ക്കുകയായിരുന്നു ട്രംപ്.
ട്രംപിനെ അഗത മനപ്പൂര്‍വം അവഹേളിക്കുകയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ വാദമുയരുന്നത്. എന്നാല്‍ ട്രംപ് അഭിവാദനം ചെയ്തത് ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും പിന്നീട് തന്റെ ഭാര്യ ട്രംപിന് ഹാന്‍ഡ്‌ഷേക്ക് നല്‍കിയെന്നും പ്രസിഡന്റ് ഡുഡ വിശദീകരിച്ചു. വിവാദങ്ങള്‍ തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ രേഖപ്പെടുത്തി. ട്രംപിന്റെയും മെലാനിയയുടെയും പെരുമാറ്റങ്ങളും അബദ്ധങ്ങളും സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുക പതിവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല