സ്വന്തം ലേഖകൻ: കര്‍ണാടകം വിധിയെഴുതുന്നു. വീറുംവാശിയുമേറിയ പ്രചാരണത്തിനൊടുവിലാണ് സംസ്ഥാനം ബുധനാഴ്ച പോളിങ് ബൂത്തിലേക്ക് കടക്കുന്നത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, നടന്‍ പ്രകാശ് രാജ് തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ബി.ജെ.പി. 130-135 സീറ്റുകളില്‍ വിജയിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.
അതേസമയം തനിക്ക് അറുപത് ശതമാനത്തില്‍ അധികം വോട്ടുകള്‍ ലഭിക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും വരുണയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ സിദ്ധരാമയ്യ പറഞ്ഞു. വോട്ടര്‍മാരില്‍നിന്ന് ഗംഭീരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് തനിച്ച് സര്‍ക്കാര്‍ രൂപവത്കരിക്കും. രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കാനില്ല. എന്നാല്‍ ഇനി മത്സരിക്കില്ലെന്നും ഇത് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണെന്നും വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ സിദ്ധരാമയ്യ പറഞ്ഞു.
ഫലം വന്നതിനു ശേഷം ജെ.ഡി.എസുമായി സഖ്യം ചേരുമോ എന്ന ചോദ്യത്തിന് ഒരു സാധ്യതയുമില്ലെന്ന് പി.സി.സി. അധ്യക്ഷനും കനകപുര മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ദേശീയരാഷ്ട്രീയത്തിന്റെയും ഭാവി നിര്‍ണയിക്കുമെന്നതിനാല്‍ കര്‍ണാടക നിയമസഭാ ഫലം ഏറെ നിര്‍ണായകമാണ്. 224 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 2613 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 185 പേര്‍ വനിതകളാണ്. സംസ്ഥാനത്തെമ്പാടുമായി 58,258 പോളിങ് ബൂത്തുകളാണുള്ളത്.
ഭരണം നിലനിര്‍ത്തലാണ് ബി.ജെ.പിയുടെ ലക്ഷ്യം. പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും പരാജയമേറ്റുവാങ്ങിയ കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള അവസരമായാണ് കര്‍ണാടകയെ കാണുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയാകാനാണ് ജെ.ഡി.എസിന്റെ ശ്രമം. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെ.ഡി.എസിന് ഭാവിനിര്‍ണയിക്കാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല