സ്വന്തം ലേഖകന്‍: മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് നീങ്ങുന്നത് നാലായിരത്തോളം അഭയാര്‍ഥികള്‍; അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന് മൈക്ക് പോംപിയോ. ഹോണ്ടുറാസും ഗ്വാട്ടിമാലയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് കുടിയേറാന്‍ പുറപ്പെട്ട നാലായിരത്തോളം പേരടങ്ങുന്ന സംഘം മെക്‌സിക്കോ അതിര്‍ത്തിയിലെത്തി. യുഎസിലേക്കുള്ള അതിര്‍ത്തിയിലെ വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ച ഇവര്‍ മെക്‌സിക്കന്‍ പോലീസുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു.
അതിനിടെ യുഎസ് ആഭ്യന്തരസെക്രട്ടറി മൈക്ക് പോംപിയോ മെക്‌സിക്കോയിലെത്തി. അനധികൃത കുടിയേറ്റം അതിര്‍ത്തിയില്‍ രൂക്ഷപ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അമേരിക്കന്‍ അതിര്‍ത്തിയിലെത്തും മുന്പ് അഭയാര്‍ഥികളെ തടയേണ്ടത് അനിവാര്യമാണെന്നും മെക്‌സിക്കന്‍ ആഭ്യന്തരമന്ത്രി ലുയിസ് വിഡിഗ്രാറെയ്‌ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ പോംപിയോ അഭിപ്രായപ്പെട്ടു.
അനധികൃതകുടിയേറ്റക്കാര്‍ മൂലമുണ്ടാകുന്ന അധികബാധ്യത പരിഹരിക്കുന്നതിന് അനുയോജ്യമായ നിയമനിര്‍മാണം ഉണ്ടാകുമെന്നും യുഎസ് ആഭ്യന്തരസെക്രട്ടറി പറഞ്ഞു. അഭയാര്‍ഥികളെ തടയുകയെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്നു മെക്‌സിക്കന്‍ മന്ത്രിയും പറഞ്ഞു. മുന്‍കാലങ്ങളിലേതുപോലെ അഭയാര്‍തിപ്രശ്‌നത്തില്‍ മനുഷ്യത്വപരമായ നിലപാടായിരിക്കും തന്റെ സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മൂവായിരത്തോളം അഭയാര്‍ഥികള്‍ യുഎസ് ലക്ഷ്യമാക്കി മെക്‌സിക്കന്‍ അതിര്‍ത്തിയിലെത്തി എന്നാണ് സര്‍ക്കാര്‍ കണക്ക്. ആറു ദിവസം മുന്പാണ് ഇവര്‍ വടക്കന്‍ ഹോണ്ടുറാസില്‍ നിന്ന് യാത്രതിരിച്ചത്. എന്നാല്‍ നാലായിരത്തോളം പേര്‍ അതിര്‍ത്തിയില്‍ എത്തിക്കഴിഞ്ഞതായി പ്രദേശത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പട്ടാളത്തെ വിന്യസിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല