ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റില്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ളാര്‍ക്കിന്റെയും മുന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെയും ഡബിള്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഓസ്ട്രേലിയ പടുകൂറ്റന്‍ സ്കോറിലേയ്ക്കു കുതിക്കുന്നു. മൂന്നു വിക്കറ്റിനു 335 റണ്‍സ് എന്ന നിലയില്‍ നിന്നു രണ്ടാം ദിനം കളി പുനരാരംഭിച്ച ക്ളാര്‍ക്കിന്റെയും പോണ്ടിംഗിന്റെയും പോരാട്ട വീര്യത്തിനു ഒരു കുറവുമുണ്ടായില്ല.
രണ്ടാം ദിനത്തിലും സന്ദര്‍ശക ബോളര്‍മാരെ ഓസീസ് നായകനും മുന്‍ നായകനും ചേര്‍ന്ന് തല്ലി വശംകെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ലഞ്ചിനു പിരിയും മുമ്പ് പരമ്പരയിലെ തന്റെ രണ്ടാമത്തെ ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ക്ളാര്‍ക്കും തിരിച്ചെത്തിയ ശേഷം ടെസ്റില്‍ തന്റെ ആറാമത്തെ ഡബിള്‍ സെഞ്ചുറി നേടിയ പോണ്ടിംഗും ഓസീസിനെ മികച്ച സ്കോറിലേയ്ക്കു നയിച്ചു.
ഒടുവില്‍ 275 പന്തില്‍ നിന്നു 210 റണ്‍സെടുത്തുനിന്ന ക്ളാര്‍ക്കിനെ ഏറ്റവും കൂടുതല്‍ തല്ല് വാങ്ങിക്കൂട്ടിയ ഉമേഷ് യാദവ് തന്നെ വീഴ്ത്തി. ക്ളാര്‍ക്കിന്റെ വിക്കറ്റ് തെറിപ്പിച്ചാണ് യാദവ് പകരംവീട്ടിയത്. യാദവ് 21 ഓവറില്‍ 113 റണ്‍സാണ് വഴങ്ങിയത്. ആദ്യദിനം തുടക്കത്തില്‍ മൂന്നുവിക്കറ്റു വീഴ്ത്തി ഇന്ത്യ പോരാട്ടത്തിന്റെ മിന്നലാട്ടം പ്രകടമാക്കിയെങ്കിലും നായകനും മുന്‍ നായകനും നിലയുറപ്പിച്ചതോടെ അഡ്ലെയ്ഡില്‍ വിയര്‍ക്കാനായിരുന്നു സന്ദര്‍ശക ബോളര്‍മാരുടെ വിധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല