സ്വന്തം ലേഖകന്‍: ലോകത്ത് ആകെയുള്ള ജനസംഖ്യയില്‍ പകുതിയുടെ സമ്പാദ്യവും 62 അതിസമ്പന്നരുടെ കൈയ്യില്‍. ദാരിദ്ര്യ വിരുദ്ധ സന്നദ്ധ സംഘടനയായ ഓക്‌സാഫിമിന്റെ റിപ്പോര്‍ട്ടിലാണ് ലോകത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വലിയ തോതില്‍ വര്‍ധിക്കുകയാണ് എന്ന് തെളിയിക്കുന്ന ഈ കണക്കുകള്‍ ഉള്ളത്.
ലോകജനസംഖ്യയിലെ ഏറ്റവും പാവപ്പട്ടവരായ 360 കോടി ജനങ്ങളുടെ ആകെ സമ്പാദ്യവും അതിസമ്പന്നരായ 62 പേരുടെ ആകെ സമ്പാദ്യവും തുല്യമാണ് എന്നാണ് ഓക്‌സ്ഫാം പറയുന്നത്. ഏറ്റവും ദരിദ്രരായ 50 ശതമാനം ജനങ്ങള്‍ക്ക് ആകെയുള്ള സമ്പത്ത് ഏറ്റവും സമ്പന്നരായ 85 പേരുടെ പക്കലാണ് എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കണക്ക്.
ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ലോകത്തെ ആകെ സമ്പാദ്യത്തിന്റെ പകുതിയും 1 ശതമാനം വരുന്ന അതിസമ്പന്നന്‍മാരുടെ പക്കലാകും എന്ന് ഓക്‌സ്ഫാം നേരത്തെ പ്രവചിച്ചിരുന്നു.2010 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും ദരിദ്രരായ 50 ശതമാനം ജനങ്ങളുടെ സാമ്പത്തിക സ്ഥിതി 41 ശതമാനം കുറയുകയാണ് ചെയ്തത്.
എന്നാല്‍ അതിസമ്പന്നരായ 62 പേരുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 500 ബില്യണ്‍ യു എസ് ഡോളറില്‍ നിന്നും 1.76 ട്രില്യണ്‍ യു എസ് ഡോളറായി കൂടി. 2010 ല്‍ 388 പേരുടെ പക്കലായിരുന്നു ഏറ്റവും ദരിദ്രരായ 50 ശതമാനം ജനങ്ങള്‍ക്ക് ആകെയുള്ള സമ്പത്ത്. 2014 ല്‍ ഇത് വെറും 80 പേരിലെത്തുകയും ഇപ്പോഴിത് 62 പേരായി വീണ്ടും കുറയുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല