ജോൺസൺ മാത്യു (ആഷ്ഫോർഡ്): കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്ഫോർഡ് മലയാളി അസ്സോസിയേഷന്റെ പതിഞ്ചാമത് ഓണാഘോഷം ”പൂരം 2019 ” ഈ മാസം 21ന് ആഷ്ഫോർഡിലെ നോർട്ടൻ ആഷ്ബുൾ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സമുചിതമായി ആഘോഷിക്കും.
രാവിലെ ഒൻപതര മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെ പൂരം 2019 ന് തുടക്കം കുറിക്കും. ആഷ്ഫോർഡ് മലയാളി അസ്സോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് സജി കുമാർ, വൈസ് പ്രസിഡന്റ് ആൻസി സാം, സെക്രട്ടറി ജോജി കോട്ടയ്ക്കൽ, ജോയിന്റ് സെക്രട്ടറി സുബിൻ തോമസ്, ട്രഷറർ ജോസ് കാനൂകാടൻ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും. മാവേലി, വിവിധ വേഷപ്രഛന്നധാരികൾ, ബാലികമാരുടെ താലപ്പൊലി, മുത്തുക്കുട, കലാരൂപങ്ങൾ, ചെണ്ടമേളം എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.
തുടർന് നാടൻ പാട്ടുകൾ, കുട്ടികൾ മുതൽ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെയും ഉൾപ്പെടുത്തി മൂന്ന് തലമുറകൾ ഒരേ വേദിയിൽ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഫ്ളാഷ്മൊബ് എന്നിവയ്ക്ക് ശേഷം കുട്ടികളുടെയും പുരുഷൻമാരുടെയും സ്ത്രീകളുടെയും വാശിയേറിയ വടംവലി മത്സരവും തൂശനിലയിൽ വിളമ്പിക്കൊണ്ടുള്ള വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.
ഉച്ചയ്ക്ക് രണ്ടര മണിയോടെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിദ്ധ പത്രപ്രവർത്തകനും, വാഗ്മിയും, മുൻ ലൗട്ടൻ മേയറുമായ ശ്രീ ഫിലിപ് എബ്രഹാം മുഖ്യാതിഥിയായിരിക്കും. 3.30 ന് ആഷ്ഫോർഡ് മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ രചിച്ച് ബിജു കൊച്ചുതുള്ളിയിൽ സംഗീതം നൽകിയ അവതരണ ഗാനം, സൗമ്യ ജിബി, ജസീന്ത ജോമി എന്നിവർ ചിട്ടപ്പെടുത്തിയ അമ്പതോളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന രംഗപൂജയോടെ പൂരം 2019 ന് തിരശീല ഉയരും.
തിരുവാതിര, ബംഗാറ ഡാൻസ്, ക്ളാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സ്കിറ്റുകൾ എന്നിവ കോർത്തിണക്കിയ വ്യത്യസ്ത കലാവിരുന്നുകളാൽ “പൂരം 2019” കലാസ്വാദകർക്ക് വ്യത്യസ്തമായ ഒരു അനുഭവമായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യു അറിയിച്ചു.
എവിടെയും കനക വിപഞ്ചികളുടെ നാദം, സംഗീതത്തിന്റെ ശ്രുതിയും ലയവും താളവും മാറ്റൊലി കൊള്ളുന്ന മോഹനമായ കലാരൂപങ്ങളാണ് അണിയറയിൽ നിന്ന് പൂരം 2019 വേദിയിലെത്തുന്നത്. ഈ മാഹാദിനത്തിന് സാക്ഷികളാകാൻ കലാസ്നേഹികളായ മുഴുവൻ ജനങ്ങളെയും ആഷ്ഫോർഡിലെ മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു.
വേദിയുടെ വിലാസം:
Norton Knatchball School
Hythe Road, Ashford, Kent
TN24 0QJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല