1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2012

പുതുമുഖങ്ങളെ അണിനിരത്തി നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച്‌ ഫാസില്‍ സംവിധാനം ചെയ്‌ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ മലയാളി പ്രേക്ഷകന്റെ ഹൃദയം കവര്‍ന്ന പൂര്‍ണ്ണിമ, സുശീന്ദ്രന്റെ ‘ആദലാല്‍ കാതല്‍ സെയ്വറി’ലൂടെ തമിഴ്‌ സിനിമയില്‍ തിരിച്ചെത്തുകയാണ്‌.’മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ മലയാള സിനിമയില്‍ ഒരു വഴിത്തിരിവായിരുന്നു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വില്ലനായ്‌ വരവറിയിച്ച ചിത്രം. പൂര്‍ണ്ണിമയും ശങ്കറും ജോഡികളായ ചിത്രത്തിലെ പ്രണയം പൂക്കുന്ന പാട്ടുകളും ഹിറ്റുകളായ്‌. അങ്ങിനെ പൂര്‍ണ്ണിമ മലയാളത്തിന്റെ സ്വന്തം നായികയാവുകയായിരുന്നു.

ഈ ചിത്രത്തിനു ശേഷം മോഹന്‍ലാല്‍ വളരെ വേഗം നായകനിരയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പ്രേംനസീര്‍, പ്രതാപ്‌ പോത്തന്‍, ബാലചന്ദ്രമേനോന്‍, അമോല്‍ പലേക്കര്‍, നെടുമുടിവേണു അങ്ങിനെ വ്യത്യസ്‌ത സ്വഭാവമുള്ള നായകര്‍ക്കും പ്രമേയങ്ങള്‍ക്കുമൊപ്പം പൂര്‍ണ്ണിമ അഭിനയത്തില്‍ പൂര്‍ണ്ണത കണ്ടെത്തുക തന്നെ ചെയ്‌തു.

‘നെഞ്ചില്‍ ഒരു മുള്ള്‌’ എന്ന ചിത്രത്തിലൂടെ തമിഴിലും ശ്രദ്ധിക്കപ്പെട്ട പൂര്‍ണ്ണിമ തമിഴില്‍ ഏറ്റവും തിരക്കുള്ള സംവിധായകനായിരുന്ന ഭാഗ്യരാജിനെ വിവാഹം കഴിച്ച്‌ കുടുംബിനിയായി ഒതുങ്ങി. ‘ഉങ്കള്‍ വീട്ടു പിള്ളൈ’ എന്ന ചിത്രമാണ്‌ പൂര്‍ണ്ണിമ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം നായകന്‍ പ്രഭുവും.

ഭാഗ്യരാജ്‌, പൂര്‍ണ്ണിമ ദമ്പതികളുടെ മക്കളായ ശാന്തനുവും ശരണ്യയും മലയാളത്തിലും തമിഴിലും അഭിനയിച്ചിരുന്നു. ശരണ്യ ‘പാരിജാതം’ എന്ന തമിഴ്‌ സിനിമയിലും രഞ്‌ജന്‍ പ്രമോദിന്റെ ‘ഫോട്ടോഗ്രാഫറി’ലും വേഷമിട്ടു. ശാന്തനു ‘ശക്കരകട്ടി’ (തമിഴ്‌), ‘ഏയ്‌ഞ്ചല്‍ ജോണ്‍’ എന്ന മലയാള ചിത്രത്തിലും അഭിനയിക്കുകയുണ്ടായി.

രണ്ടുപേരുടെ മലയാളചിത്രത്തിലും മോഹന്‍ലാല്‍ ഉണ്ട്‌. അമ്മയുടേയും മക്കളുടേയും ആദ്യ സിനിമകളില്‍ ലാല്‍ സാന്നിദ്ധ്യം ഒരു നിയോഗം പോലെ. ഈ സിനിമകളൊന്നും ഇവര്‍ക്കു തുണയായില്ല. ഇനി പൂര്‍ണ്ണിമയുടെ രണ്ടാമൂഴമാണ്‌. പെണ്‍ സൗന്ദര്യത്തിന്റെ വൈവിധ്യമാര്‍ന്ന ഒരു പൂര്‍ണ്ണതയായിരുന്നു പഴയ പൂര്‍ണ്ണിമ. ഇനി പുതിയരൂപത്തില്‍, ഭാവത്തില്‍ വീണ്ടും കാണാം തമിഴില്‍. ചിലപ്പോള്‍ മലയാളത്തിലും അവര്‍ വന്നേക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.