1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2018

സ്വന്തം ലേഖകന്‍: ബാലപീഡകരെ സംരക്ഷിക്കുന്നതായി ആരോപണം; തന്റെ രാജി ആവശ്യപ്പെട്ട മുന്‍ ബിഷപ്പിനൊട് പ്രതികരിക്കുന്നില്ലെന്ന് മാര്‍പാപ്പ. മുന്‍ ആര്‍ച്ച് ബിഷപ്പും അമേരിക്കയിലെ വത്തിക്കാന്‍ അംബാസിഡറുമായിരുന്ന വിഗാനോ ആണ് മാര്‍പാപ്പയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത്.

വാഷിംഗ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ തിയോഡോര്‍ മക് കാരികിനെതിരെ 2013ല്‍ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരം താന്‍ മാര്‍പാപ്പയെ അറിയിച്ചെന്നും എന്നാല്‍ അദ്ദേഹം നടപടികളൊന്നും സ്വീകരിച്ചില്ല എന്നുമാണ് കാര്‍ലോ മരിയ വിഗാനോ ആരോപിച്ചത്.

കര്‍ദ്ദിനാളുമാര്‍ക്കും ബിഷപ്പുമാര്‍ക്കും മാതൃകയാകേണ്ട മാര്‍പാപ്പ ബാലപീഡകരെ സംരക്ഷിക്കുന്ന നയമാണ് അന്ന് കൈക്കൊണ്ടതെന്നും അതിന്റെ പേരില്‍ മാര്‍പാപ്പ രാജിവെക്കണമെന്നുമാണ് കാര്‍ലോ അഭിപ്രായപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കാര്‍ലോ ഇക്കാര്യം പരസ്യമാക്കിയത്. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് താന്‍ പ്രതികരിക്കാനില്ലെന്ന് മാര്‍പാപ്പ പറഞ്ഞത്. പ്രസ്താവന ഞാനും വായിച്ചു. എനിക്ക് നിങ്ങളോട് ആത്മാര്‍ഥമായി പറയാനുള്ളത് ആ പ്രസ്താവന ശ്രദ്ധാപൂര്‍വ്വം വായിക്കാനാണ്. ആരോപണങ്ങള്‍ക്കുള്ള മറുപടിയും അതില്‍ത്തന്നെയുണ്ട്. മാര്‍പാപ്പ പറഞ്ഞു. ചിലപ്പോള്‍ താന്‍ പ്രതികരിച്ചേക്കും എന്നും അല്‍പസമയത്തിനു ശേഷം അദ്ദേഹം പറഞ്ഞു.

ആരോപണവിധേയനായ കര്‍ദ്ദിനാള്‍ മക് കാരിക് കഴിഞ്ഞ മാസമാണ് ഔദ്യോഗികചുമതലകളില്‍ നിന്ന് വിരമിച്ചത്. മക് കാരികിനെ പൊതുചുമതലകളില്‍ നിന്ന് ഒഴിവാക്കാനുള്ള മാര്‍പാപ്പയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു വിരമിക്കല്‍. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വ്യക്തമായ സ്വാധീനമുള്ള മക് കാരിക് അള്‍ത്താര ബാലന്മാരിലൊരാളെ ലൈംഗികചൂഷണം ചെയ്തു എന്നതായിരുന്നു ആരോപണം. 10 വര്‍ഷം മുമ്പാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.