സ്വന്തം ലേഖകൻ: കാലം ചെയ്ത ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സംസ്കാര ചടങ്ങുകൾക്ക് ആരംഭമായി. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചത് ഭൗതികശരീരം അൽപ്പംമുൻപ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിച്ചു. ചടങ്ങുകൾക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും.
പ്രാദേശിക സമയം പുലർച്ചെ നാലു മണിമുതൽ ആയിരക്കണക്കിനുപേർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വത്തിക്കാൻ മേഖലയിലേക്ക് എത്തിയിരുന്നു. 1000ൽ അധികം ഇറ്റാലിയൻ സുരക്ഷാ സേനയെയാണ് ചടങ്ങിലെ സുരക്ഷയ്ക്കായി ഒരുക്കുന്നത്. ഇറ്റലിയുടെ പതാക ഇന്ന് പകുതി താഴ്ത്തിക്കെട്ടി.
ഇറ്റലി, ജര്‍മനി, ബെല്‍ജിയം തുടങ്ങി 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ദിനാള്‍ തിരുസംഘം ഡീന്‍ ജൊവാന്നി ബത്തിസ്തറെ കുര്‍ബാന അര്‍പ്പിക്കും. 120 കർദിനാള്‍മാരും 400 ബിഷപ്പുമാരും ചടങ്ങിൽ പങ്കെടുക്കുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലീമീസ് കാതോലിക്കാ ബാവാ, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര തുടങ്ങിയവര്‍ സംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല