വായിക്കാനും ധ്യാനിക്കാനും പറ്റിയ ഒരു പുസ്തകം വേണം. മാര്‍പാപ്പ ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ച ഫിഡല്‍ കാസ്ട്രോയ്ക്ക് അതേ വേണ്ടിയിരുന്നുള്ളൂ. പറ്റിയ പുസ്തകം അയച്ചുകൊടുക്കാമെന്നു മാര്‍പാപ്പ പറഞ്ഞു. ക്യൂബന്‍ തലസ്ഥാനത്തു വത്തിക്കാന്‍ എംബസിയിലായിരുന്നു കൂടിക്കാഴ്ച. നാലുവര്‍ഷം മുമ്പ് അനാരോഗ്യം മൂലം ഭരണംവിട്ട ക്യൂബന്‍ വിപ്ളവനായകന്‍ ഒരു മെഴ്സിഡസ് എസ്യുവിയിലാണ് എത്തിയത്.
താന്‍ ബാല്യത്തില്‍ പങ്കെടുത്തിരുന്നപ്പോഴത്തെ കുര്‍ബാനയര്‍പ്പണവും ഇപ്പോഴത്തേതും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി കാസ്ട്രോ മാര്‍പാപ്പയോടു ചോദിച്ചു. ആരാധനക്രമ പരിഷ്കാരത്തിലെ പ്രധാന ഘടകങ്ങള്‍ മാര്‍പാപ്പ വിശദീകരിച്ചു. കാസ്ട്രോയ്ക്കു മറ്റൊന്നുകൂടി അറിയാനുണ്ടായിരുന്നു. മാര്‍പാപ്പമാര്‍ എന്താണു ചെയ്യുന്നത്? തന്റെ സഭാശുശ്രൂഷയെയും യാത്രകളെയും മറ്റും പറ്റി മാര്‍പാപ്പ വിശദമായി പറഞ്ഞു.
സംഭാഷണം പരസ്പരം ആരോഗ്യകാര്യങ്ങള്‍ തിരക്കുന്നതിലെത്തിയെന്നു മാര്‍പാപ്പയുടെ വക്താവ് ഫാ. ഫെഡറിക്കോ ലെംബാര്‍ഡി പറഞ്ഞു. കാസ്ട്രോയ്ക്ക് വയസ് 85. മാര്‍പാപ്പയ്ക്ക് 84. താന്‍ വായനയും എഴുത്തുമായി സമയം ചെലവഴിക്കുകയാണെന്നു കാസ്ട്രോ പറഞ്ഞു. ലോകകാര്യങ്ങളെപ്പറ്റി ചിന്തിക്കാനും സമയം ചെലവാക്കും. പ്രായത്തിന്റെ ക്ഷീണമുണ്െടങ്കിലും തന്റെ ഔദ്യോഗിക ചുമതലകള്‍ കൃത്യമായി നിറവേറ്റുന്നുണ്െടന്നു മാര്‍പാപ്പ പറഞ്ഞു.
മാര്‍പാപ്പയുടെ ക്യൂബ സന്ദര്‍ശനം മുഴുവന്‍ ടിവിയിലൂടെ താന്‍ നിരീക്ഷിച്ചതായി കാസ്ട്രോ പറഞ്ഞു. സഹചാരി ഡാലിയ സോടോ ഡെല്‍വായും തന്റെ രണ്ടു പുത്രന്മാരുമൊത്താണു കാസ്ട്രോ മാര്‍പാപ്പയെ കണ്ടത്. ക്യൂബയുടെ ദേശീയ ബേസ്ബോള്‍ ടീമിന്റെ ഡോക്ടറായ അന്റോണിയോയും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ അലക്സുമാണ് ഒപ്പമുണ്ടായിരുന്ന പുത്രന്മാര്‍.
ഹവാനയിലെ വിപ്ളവചത്വരത്തില്‍ മാര്‍പാപ്പ അര്‍പ്പിച്ച, ലക്ഷങ്ങള്‍ പങ്കെടുത്ത ദിവ്യബലിക്കുശേഷമായിരുന്നു കാസ്ട്രോ – മാര്‍പാപ്പ കൂടിക്കാഴ്ച. പിന്നീടു വത്തിക്കാനിലേക്കു മടങ്ങിയ മാര്‍പാപ്പയെ വിമാനത്താവളത്തിലേക്കു പ്രസിഡന്റ് റൌള്‍ കാസ്ട്രോ അനുയാത്രചെയ്തു. ദുഃഖവെള്ളി അവധി പ്രഖ്യാപിക്കണമെന്നു പ്രസിഡന്റിനോടു മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. ക്യൂബന്‍ ജനതയ്ക്കു കൂടുതല്‍ സ്വാതന്ത്യ്രം നല്‍കുന്ന പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ട മാര്‍പാപ്പ ക്യൂബയുടെമേലുള്ള യുഎസ് ഉപരോധത്തെ വിമര്‍ശിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല