സ്വന്തം ലേഖകന്‍: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് മാര്‍പാപ്പക്ക് അഞ്ചു വയസുകാരിയുടെ കത്ത്. മാര്‍പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണു സുരക്ഷാവലയം ഭേദിച്ച് പെണ്‍കുട്ടി മാര്‍പാപ്പയെ അടക്കം എല്ലാവരേയും ഞെട്ടിച്ചത്.
‘അവര്‍ എന്റെ കുടുംബാംഗങ്ങളെ നാടുകടത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു’സോഫി ക്രൂസ് എന്ന അഞ്ചു വയസുകാരി മാര്‍പാപ്പയുടെ കൈയില്‍ നേരിട്ടു കൊടുത്ത കത്തിലെ പറയുന്നു. ദുരിതജീവിതത്തില്‍ തങ്ങളെ സഹായിക്കണമെന്നു കുട്ടി മാര്‍പാപ്പയോടു അപേക്ഷിച്ചു.
വാഷിങ്ടണ്‍ ഡിസിയിലെ പേപ്പല്‍ പരേഡിനിടെയായിരുന്നു കുട്ടി നാടകീയമായി അദ്ദേഹത്തിനടുത്തെത്തിയത്.ബാരിക്കേഡിനു മുകളിലൂടെ പിതാവ് റൗള്‍ക്രൂസ് സോഫിയയെ എടുത്തിറക്കുകയായിരുന്നു. സുരക്ഷാഉദ്യോഗസ്ഥര്‍ തടയുന്നതിനു മുമ്പു കുട്ടി മാര്‍പ്പായുടെ കാല്‍ചുവട്ടിലെത്തി. ജനക്കൂട്ടത്തിനിടെയിലൂടെ തന്റെ അടുത്തേക്കു വന്ന സോഫിയ 78 കാരനായ മാര്‍പാപ്പയുടെ കണ്ണില്‍പെടുകയായിരുന്നു. കുട്ടിയെ തടയരുതെന്ന് അംഗരക്ഷകര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. തുടര്‍ന്നു കുട്ടിയുടെ കവിളില്‍ ചുംബിച്ച് അനുഗ്രഹിച്ചു.
തന്റെ കുടുംബാംഗങ്ങളെയും സമാനസ്ഥിതിയിലുള്ള ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെയും അമേരിക്കയില്‍ തങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന കത്ത് മാര്‍പാപ്പ കൈപ്പറ്റി.
കലിഫോര്‍ണിയയിലെ സൗത്ത്‌ഗേറ്റില്‍നിന്നുള്ള കുട്ടിയുടെ കുടുംബം പത്തുവര്‍ഷം മുമ്പാണു മെക്‌സിക്കോയില്‍നിന്നെത്തിയത്. ജനിച്ചത് ഇവിടെ വച്ചായതിനാല്‍ അമേരിക്കയിലെ നിയമമനസരിച്ചു കുട്ടിക്കു പൗരത്വം കിട്ടി. എന്നാല്‍, പൗരത്വമില്ലാത്ത മാതാപിതാക്കളെ അധികൃതര്‍ ഏതുനിമിഷവും പുറത്താക്കുമെന്ന ഭീതിയുണ്ട്. നേരത്തേ വൈറ്റ്ഹൗസിനു പുറത്തുവച്ചു പോപ്പിനെ കാണാന്‍ സോഫി നടത്തിയ ശ്രമം സുരക്ഷാഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല