സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തില്‍ സമ്പന്ന രാഷ്ട്രങ്ങള്‍ക്കെതിരെ പ്രസ്താവനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്.
കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് സമ്പന്ന രാഷ്ട്രങ്ങള്‍ ജീവിത ശൈലി മാറ്റണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ഒപ്പം പരമ്പരാഗത ഊര്‍ജ സ്രോതസ്സുകളുടെ ചൂഷണം പരമാവധി കുറക്കണമെന്നും പോപ്പ് ആവശ്യപ്പെട്ടു.
പോപ്പിന്റെ പ്രസ്താവന അമേരിക്കയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ പരക്കെ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. വത്തിക്കാന്‍ പുറത്തിറക്കുന്ന ചാക്രിക ലേഖനത്തിലാണ് കാലാവസ്ഥാ വ്യതിയാനം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന് സമ്പന്ന രാഷ്ട്രങ്ങള്‍ മുന്‍കൈ എടുക്കേണ്ടതിനെക്കുറിച്ചും മാര്‍പാപ്പ ഊന്നി പറയുന്നതു.
ഭൂമിയുടെ നിലനില്‍പ്പിന് ധീരമായ സംസ്‌കാരിക വിപ്ലവം വേണമെന്ന് പോപ്പ് പറയുന്നു. സമ്പന്ന രാഷ്ട്രങ്ങള്‍ സാമൂഹിക ബാധ്യത നിറവേറ്റാന്‍ തയ്യാറാകണം. കാര്‍ബണ്‍ സാന്നിധ്യം അധികമുള്ള പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കണം. പരിസ്ഥിതിയോട് പുതിയ സമീപനം സ്വീകരിക്കണമെങ്കില്‍ ആദ്യം മനുഷ്യര്‍ പുതിയ ശൈലിയിലേക്ക് മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.
മണ്ണിലും വെള്ളത്തിലും വായിവിലും കാണുന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ മനുഷ്യന്റെ ഹൃദയത്തില്‍ നിലനില്‍ക്കുന്ന അക്രമ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് പോപ്പ് അഭിപ്രായപ്പെട്ടു. 192 പേജുള്ള ചാക്രിക ലേഖനം സഭക്കുള്ളിലെ പഠന പ്രക്രിയയുടെ ഭാഗമായി വിതരണം ചെയ്യുന്നതിന് തയ്യാറാക്കിയതാണ്. എന്നാല്‍ സഭാംഗങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്തിനാകെ വേണ്ടിയാണ് താനിത് എഴുതുന്നതെന്നും പോപ്പ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല