സ്വന്തം ലേഖകന്‍: ‘റോഹിംഗ്യ, ദൈവിക സാന്നിധ്യത്തിന്റെ മറ്റൊരു പേര്,’ റോഹിംഗ്യകള്‍ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന പ്രഖ്യാപനവുമായി മാര്‍പാപ്പ, ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. മാര്‍പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മ്യാന്‍മറില്‍നിന്ന് പലായന ചെയ്ത് ബംഗ്ലാദേശില്‍ അഭയം തേടിയ രണ്ടു ലക്ഷത്തോളം വരുന്ന റോഹിംഗ്യകളുടെ പ്രതിനിധികളുമായി അര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയില്‍ അഭയാര്‍ഥികളുടെ വേദനകളും ദുരിതങ്ങളും വിശദമായി മാര്‍പാപ്പ കേട്ടു. തുടര്‍ന്നായിരുന്നു ദക്ഷിണേഷ്യന്‍ പര്യടനത്തിനിടെ ആദ്യമായി ‘റോഹിംഗ്യ’ എന്ന വാക്ക് അദ്ദേഹം എടുത്തു പറഞ്ഞത്. പിന്നീട് അഭയാര്‍ഥികളോടൊപ്പം അവര്‍ക്കു വേണ്ടി മാര്‍പാപ്പ പ്രത്യേക പ്രാര്‍ഥനയും നടത്തി.
ധാക്കയിലെ ആര്‍ച്ച്ബിഷപ് മന്ദിരത്തിന്റെ മൈതാനിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കായി ഫ്രാന്‍സിസ് പാപ്പാ എത്തിയതും പോയതും ബംഗ്ലാദേശിലെ പാവങ്ങളുടെ വാഹനമായ സൈക്കിള്‍ റിക്ഷയിലായിരുന്നു എന്നതും കൗതുകമായി. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വലിച്ച സൈക്കിള്‍ റിക്ഷയിലെ മാര്‍പാപ്പയുടെ യാത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കും കാണികള്‍ക്കും അത്ഭുതമായി. മുസ്‌ലിം, ഹിന്ദു, ബുദ്ധ, ക്രൈസ്തവ നേതാക്കളും 17 റോഹിംഗ്യന്‍ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല