1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2017

സ്വന്തം ലേഖകന്‍: മാര്‍പാപ്പ ബംഗ്ലാദേശില്‍, ആരാണ് മാര്‍പാപ്പയെന്ന ചോദ്യവുമായി അഭയാര്‍ഥി ക്യാമ്പുകളിലെ റോഹിംഗ്യകള്‍. നാലു ദിവസത്തെ മ്യാന്മര്‍ സന്ദര്‍ശനത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ അയല്‍രാജ്യമായ ബംഗ്ലാദേശിലെത്തി. മൂന്നു ദിവസമാണ് അദ്ദേഹം ബംഗ്ലാദേശില്‍ തങ്ങുക. അതിനിടെ റോഹിംഗ്യ അഭയാര്‍ഥികളുടെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ധാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ പ്രസിഡന്റ് അബ്ദുല്‍ ഹാമിദിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍പ്രതിനിധികളും കത്തോലിക്കസഭ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.സന്ദര്‍ശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച അദ്ദേഹം വിശ്വാസികള്‍ക്ക് കുര്‍ബാനയര്‍പ്പിക്കും. ഒരു ലക്ഷത്തോളംപേര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം മാര്‍പാപ്പയുടെ സന്ദര്‍ശനം റോഹിംഗ്യകളുടെ തലവര മാറ്റുമോ എന്ന് ലോകം ഉറ്റുനോക്കുമ്പോള്‍ ഇവരില്‍ പലര്‍ക്കും മാര്‍പാപ്പയെ തന്നെ അറിയില്ല എന്നതാണ് വാസ്തവം. മാര്‍പാപ്പ റോഹിംഗ്യകളെ സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാമ്പിലെത്തിയ മാധ്യമപ്രവര്‍ത്തകരാണ് റോഹിംഗ്യകളോട് മാര്‍പാപ്പയുടെ ഫോട്ടോ കാണിച്ച് ഇദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ നിങ്ങള്‍ക്ക് പ്രതീക്ഷയുണ്ടോ എന്ന് ചോദിച്ചത്.

‘ഇദ്ദേഹത്തെ വാര്‍ത്തയില്‍ കണ്ടിട്ടുണ്ട്. പ്രധാനപ്പെട്ട ആളാണോ ഇത്’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഫോട്ടോ കണ്ട ചിലര്‍ മാര്‍പാപ്പ സമ്പന്നനായ ഏതോ രാജാവാണെന്നും മറ്റുചിലര്‍ തൊപ്പി കണ്ട് ഏതോ മുസ്‌ലിം നേതാവാണെന്നും ഊഹിച്ചു. മാര്‍പാപ്പ ആരാണെന്ന് വിവരിച്ചു കൊടുത്തപ്പോള്‍ ചിലര്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം ജന്മനാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയേക്കുമെന്ന് ചിലര്‍ പ്രത്യാശ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.