സ്വന്തം ലേഖകന്‍: ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നതായി മാര്‍പാപ്പ; പീഡനത്തിന് ഇരയായ കുട്ടികളോട് മാപ്പുപറയുന്നതായി ജര്‍മന്‍ കത്തോലിക്ക സഭ. മാറ്റത്തിന് ആഹ്വാനം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നതായി മുന്നറിയിപ്പ് നല്കി. ഭാവി തലമുറയെ ഒപ്പം നിര്‍ത്തണമെങ്കില്‍ നിലപാടുകള്‍ മാറണം.
ലൈംഗിക, സാമ്പത്തിക അപവാദങ്ങളെ അപലപിക്കാത്തതില്‍ യുവാക്കള്‍ അസ്വസ്ഥരാണ്. പരാതികളോട് സുതാര്യമായും സത്യസന്ധമായും പ്രതികരിക്കണം. സഭയില്‍ പരിവര്‍ത്തനം ആവശ്യമെന്നും മാര്‍പാപ്പ പറഞ്ഞു. എസ്റ്റോണിയയില്‍ വിശ്വാസ സമൂഹത്തോട് സംസാരിക്കവെയാണ് മാര്‍പാപ്പയുടെ പ്രതികരണം.
അതിനിടെ പുരോഹിതന്മാരുടെ ലൈംഗികപീഡനത്തിനിരയായ രാജ്യത്തെ നൂറുകണക്കിന് കുട്ടികളോട് മാപ്പുപറയുന്നതായി ജര്‍മന്‍ കത്തോലിക്കസഭ പ്രഖ്യാപിച്ചു. 1946നും 2014നുമിടയില്‍ ജര്‍മനിയില്‍മാത്രം 3677 കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെയാണ് ജര്‍മന്‍ കത്തോലിക്കസഭയുടെ മേധാവിയായ കര്‍ദിനാള്‍ റീന്‍ഹാഡ് മാക്സ് ഇരകളോട് ക്ഷമചോദിച്ചത്. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്നും ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് ചെയര്‍മാനായ അദ്ദേഹം വ്യക്തമാക്കി.
ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് നിയമിച്ച കമ്മിഷനാണ് ബാലലൈംഗിക പീഡനങ്ങളുള്പ്പെടെയുള്ള അതിക്രമങ്ങളെക്കുറിച്ചും അവ മൂടിവെച്ച സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 27 രൂപതകളില്‍നിന്നുള്ള 38,000 രേഖകളാണ് സംഘം പരിശോധിച്ചത്. ഫുല്ദയില് നടക്കാന്‍പോകുന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍ ഔദ്യോഗികമായി പുറത്തുവിടാന്‍ തീരുമാനിച്ച റിപ്പോര്‍ട്ട് ഈ മാസമാദ്യം മാധ്യമങ്ങള്‍വഴി ചോരുകയായിരുന്നു.
കുറ്റകൃത്യങ്ങളുടെ യഥാര്‍ഥ എണ്ണം വെളിപ്പെടുത്തിയതിനേക്കാള്‍ നാലുമടങ്ങ് കൂടുതലാവുമെന്നാണ് ഗവേഷകസംഘം പറയുന്നത്. പലരേഖകളും നശിപ്പിക്കപ്പെട്ടതും തിരുത്തലുകള്‍ വരുത്തിയതും യഥാര്‍ഥ കണക്ക് ലഭ്യമാവുന്നതിന് തടസ്സമായി. സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് റിപ്പോര്‍ട്ട് ഓഡിറ്റ് ചെയ്യിക്കണമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.
പീഡനങ്ങള്‍ മറച്ചുവെച്ചതിന്റെയും നിഷേധിച്ചതിന്റെയും ഉത്തരവാദിത്വം കത്തോലിക്കസഭ ഏറ്റെടുക്കണമെന്നും കുറ്റവാളികളായ പുരോഹിതരെ നിയമത്തിനുകീഴില്‍ കൊണ്ടുവരാന്‍ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും ജര്‍മന്‍ നിയമമന്ത്രി കാതറീന ബര്‍ലി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല