സ്വന്തം ലേഖകന്‍: മ്യാന്മറും ബംഗ്ലാദേശും സന്ദര്‍ശിക്കാന്‍ ഒരുങ്ങി മാര്‍പാപ്പ, റോഹിംഗ്യന്‍ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ. റോമില്‍നിന്ന് ആരംഭിച്ച് ഡിസംബര്‍ രണ്ടു വരെയാണ് ഇന്ത്യയുടെ രണ്ട് അയല്‍രാജ്യങ്ങളില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം. മ്യാന്‍മറിലെയും ബംഗ്ലാദേശിലെയും രോഹിംഗ്യകളുടെ പീഡനങ്ങളും അഭയാര്‍ഥി പ്രശ്‌നങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ വീണ്ടും ആഗോള തലത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്. ബംഗ്ലാദേശില്‍ 1986ല്‍ വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തിയിരുന്നു. ഡിസംബര്‍ ഒന്നിനു രാവിലെ ബംഗ്ലാദേശിലെ ധാക്കയില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദിവ്യബലി മധ്യേ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുവിശേഷം വായിച്ച് വിശദീകരിക്കും. ബംഗ്ലാദേശിലെ വത്തിക്കാന്‍ നുണ്‍ഷ്യോയും മലയാളിയുമായ ആര്‍ച്ച് ബിഷപ് ഡോ. ജോര്‍ജ് കേച്ചേരിയും ദിവ്യബലിയില്‍ പങ്കെടുക്കും.
ധാക്കയില്‍ ആഗോള സമാധാനത്തിനായുള്ള അന്താരാഷ്ട്ര മതാന്തര എക്യുമെനിക്കല്‍ സമ്മേളനത്തിലും പ്രത്യേക യുവജന സമ്മേളനത്തിലും മാര്‍പാപ്പ പങ്കെടുക്കും. ധാക്കയില്‍ വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ അഗതി ഭവനവും മാര്‍പാപ്പ സന്ദര്‍ശിക്കും. മ്യാന്‍മര്‍, ബംഗ്ലാദേശ് പ്രസിഡന്റുമാര്‍ അടക്കമുള്ളവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ചകളും നടത്തുന്നുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് മ്യാന്‍മറിലെ വലിയ നഗരമായ യാംഗൂണിലെത്തുന്ന മാര്‍പാപ്പ പിന്നീടു തലസ്ഥാനമായ നായിപിഡോയും സന്ദര്‍ശിക്കും. മുപ്പതിനു വൈകുന്നേരം മുതല്‍ ഡിസംബര്‍ രണ്ടു വൈകുന്നേരം വരെയാണു ബംഗ്ലാദേശ് സന്ദര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല