സ്വന്തം ലേഖകന്‍: ഇത് ചരിത്രം! മാര്‍പ്പാപ്പ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അബൂദാബിയിലെത്തി; രാജകീയ വരവേല്‍പ്പ്; യുഎഇയില്‍ സ്‌കൂളുകള്‍ക്കു രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. വിശ്വമാനവികതയുടെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച രാത്രി അബുദാബിയില്‍ വന്നിറങ്ങിയപ്പോള്‍ യു.എ.ഇ. നല്‍കിയത് രാജകീയ സ്വീകരണം. യു.എ.ഇ. സമയം രാത്രി 9:50നാണ് മാര്‍പാപ്പയെത്തിയത്.
അബുദാബിയിലെ അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തിയ മാര്‍പാപ്പയെ സ്വീകരിക്കാന്‍ പ്രമുഖ രാജകുടുംബാംഗങ്ങള്‍ സന്നിഹിതരായിരുന്നു. യു.എ.ഇ. സഹിഷ്ണുതാവര്‍ഷം ആചരിക്കുന്ന വേളയിലാണ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ വരവ്. ആദ്യമായാണ് ഒരു മാര്‍പാപ്പ ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്.
അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ എത്തിയിരിക്കുന്നത്. വിശ്വമാനവികതയും സാഹോദര്യവും ലോകത്തിന് പങ്ക് വെക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.
യെമനിലെ ആഭ്യന്തര യുദ്ധം, ഭീകരവാദം തുടങ്ങിയവ ഗള്‍ഫ് മേഖലയെ ചൂടുപിടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഈ പ്രതിസന്ധിയെക്കുറിച്ചു മാര്‍പാപ്പ യു.എ.ഇയില്‍ എന്തു പറയുമെന്നാണ് ലോകം കാതോര്‍ക്കുന്നത്. മേഖലയിലെ ഭീകരതയും സാമ്പത്തിക അസമത്വവും സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചാ വിഷയമാകും. യെമന്‍, സിറിയ എന്നിവിടങ്ങളിലെ ആഭ്യന്തരപ്രശ്‌നങ്ങളും ന്യൂനപക്ഷമായ ക്രൈസ്തവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും തെക്കന്‍ അറേബ്യയുടെ ചുമതലയുള്ള ബിഷപ് പോള്‍ ഹിന്‍ഡര്‍ മാര്‍പാപ്പയെ ധരിപ്പിച്ചിട്ടുണ്ട്.
യു.എ.ഇ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള വത്തിക്കാനിലെ പ്രാര്‍ഥനയില്‍ യെമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. യെമനില്‍ വിമതര്‍ക്കെതിരെ സൗദിക്കാപ്പം സഖ്യമായി യു.എ.ഇ പോരാട്ടം തുടരുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. തിങ്കളാഴ്ച രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ ഉന്നതതല സ്വീകരണം നല്‍കും.
തിങ്കളാഴ്ച വൈകുന്നേരം അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാന്‍ഡ് മോസ്‌കും ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിക്കും. മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി അവിടെ മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച രാവിലെ 10.30ന് അബുദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദിവ്യബലിയും പ്രസംഗവും. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് യുഎഇ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദിവ്യബലിക്കായി എത്തുന്നവര്‍ക്ക് സൗജന്യ യാത്ര അടക്കമുള്ള സൗകര്യങ്ങളാണ് യുഎഇ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല