സ്വന്തം ലേഖകന്‍: യുഎഇയില്‍ ആദ്യ പൊതു കുര്‍ബാന; സായിദ് സ്റ്റേഡിയം നിറച്ച് 1.80 ലക്ഷത്തോളം വിശ്വാസികള്‍; ചരിത്രം കുറിച്ച യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങി; മധ്യസ്ഥപ്രാര്‍ഥനയില്‍ മലയാളവും. യുഎഇയിലെ ആദ്യ പൊതു കുര്‍ബാനയ്ക്കു മുഖ്യകാര്‍മികത്വം വഹിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ചരിത്രമെഴുതി. പേപ്പല്‍ പതാകകളുമായി കാത്തുനിന്ന 1.80 ലക്ഷം വിശ്വാസികള്‍ക്കിടയിലേക്ക് പാപ്പാ മൊബീലിലാണു മാര്‍പാപ്പ എത്തിയത്.
ഇന്ത്യന്‍ സമയം രാവിലെ 11.30നു തുടങ്ങിയ കുര്‍ബാനയില്‍ മലയാളം പ്രാര്‍ഥനയും മുഴങ്ങി. ദിവ്യബലിയില്‍ പല ഭാഷകളില്‍ പ്രാര്‍ഥന ഉയര്‍ന്നപ്പോള്‍ മലയാളത്തില്‍ അത് നിര്‍വഹിച്ചത് കോട്ടയം സ്വദേശി അഞ്ജു തോമസായിരുന്നു. അബൂദബി യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ ഇന്റീരിയര്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണ് അഞ്ജു തോമസ്. മലയാളത്തിന് പുറമെ കൊറിയന്‍, ഫ്രഞ്ച്, തഗലോഗ്, ഉറുദു എന്നീ ഭാഷകളിലും പ്രാര്‍ഥനകളുണ്ടായിരുന്നു.
സമാധാനം, ഐക്യം, സാഹോദര്യം, കരുതല്‍ എന്നിവ കാത്തുസൂക്ഷിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. നാടും വീടും വിട്ട്, ബന്ധുക്കളുടെ സ്‌നേഹത്തില്‍ നിന്ന് അകന്നു കഴിയേണ്ടിവരുന്നവരുടെ ദുഃഖം അറിയാം. പലരും ഭാവിയെക്കുറിച്ച് ആകുലരുമാണ്. വിശ്വസിക്കുന്നവനെ കൈവിടാത്ത ദൈവം കൂടെയുണ്ട് എന്ന് ഓര്‍മിക്കുക–പ്രവാസി തൊഴിലാളികളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ആര്‍ജിക്കുന്നതിലല്ല, ദാനം ചെയ്യുന്നതിലാണ് മഹത്ത്വം കുടികൊള്ളുന്നതെന്ന് യേശു പഠിപ്പിച്ചതായി സായിദ് സ്‌പോര്‍ട്‌സ് സിറ്റി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് മാര്‍പാപ്പ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ദൈവത്തിന്റെ അനുഗ്രഹവും സ്‌നേഹവും യേശു ലോകത്തിന് സമ്മാനിച്ചു. മരണത്തെയും പാപത്തെയുമെല്ലാം യേശു തോല്‍പ്പിച്ചത് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ്. പുതിയ ലോകക്രമത്തില്‍ യേശുവിന്റെ പാത പിന്തുടരേണ്ടതുണ്ടെന്ന് മാര്‍പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.
1.80 ലക്ഷത്തോളം വിശ്വാസികളാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാനും അദ്ദേഹം മുഖ്യകാര്‍മികത്വം വഹിക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാനും എത്തിച്ചേര്‍ന്നത്. പലരും സ്റ്റേഡിയത്തില്‍ കാത്തിരുന്നതു 12 മണിക്കൂറിലേറെ. ഇരട്ടിയിലേറെപ്പേര്‍ കുര്‍ബാനയ്ക്കു സാക്ഷ്യം വഹിച്ചതു സ്റ്റേഡിയത്തിനു പുറത്തൊരുക്കിയ കൂറ്റന്‍ സ്‌ക്രീനിലാണ്. മാര്‍പാപ്പ വേദിയിലേക്ക് എത്തുന്നതിനിടെ താന്‍ വരച്ച ചിത്രം സമ്മാനിക്കാന്‍ ബാരിക്കേഡുകള്‍ മറികടന്നു കൊച്ചുപെണ്‍കുട്ടി ഓടിയെത്തി.
സുരക്ഷാ ഭടന്മാര്‍ തടഞ്ഞെങ്കിലും പാപ്പാ മൊബീല്‍ നിര്‍ത്തി ചിത്രം വാങ്ങിയ മാര്‍പാപ്പ, കൊച്ചു പെണ്‍കുട്ടിയെ അനുഗ്രഹിച്ചു. ഓടിയെത്തിയ മറ്റൊരു പെണ്‍കുട്ടിയെയും വാത്സല്യപൂര്‍വം തലോടുകയും ചെയ്തു. യുഎഇയിലെ ആദ്യ ക്രിസ്ത്യന്‍ ദേവാലയമായ അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ രോഗികളെ അനുഗ്രഹിച്ച ശേഷമാണു മാര്‍പാപ്പ കുര്‍ബാന വേദിയിലെത്തിയത്.
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടങ്ങിയ മാര്‍പാപ്പയെ യാത്രയയയ്ക്കാന്‍, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ തന്നെ ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്ത അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രത്യേക നന്ദിയും മാര്‍പാപ്പ രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല