1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2018

സ്വന്തം ലേഖകന്‍: ചിലിയില്‍ മാപ്പുചെ ആദിവാസികളുടെ കലാപം വ്യാപിക്കുന്നു; കത്തോലിക്കാ ദേവാലയവും മൂന്ന് ഹെലികോപ്റ്ററുകളും തീയിട്ടു; സമാധാനം പാലിക്കണമെന്ന് കലാപകാരികളോട് മാര്‍പാപ്പ. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അരുകാനിയ മേഖലയില്‍ മാര്‍പാപ്പ എത്തുന്നതിനു തൊട്ടുമുന്പ് അക്രമികള്‍ ഒരു കത്തോലിക്കാ ദേവാലയവും വനംവകുപ്പിന്റെ മൂന്നു ഹെലികോപ്റ്ററുകളും അഗ്‌നിക്കിരയാക്കി. കൊള്ളിപ്പുള്ളി നഗരത്തിലെ ദേവാലയവും സ്‌കൂളുമാണു കത്തിച്ചത്.

കുരാനിലഹു നഗരത്തില്‍ മൂന്നു ഹെലികോപ്റ്ററുകളും കത്തിച്ചു. വനമേഖലയില്‍ തീകെടുത്താന്‍ ഉപയോഗിച്ചിരുന്നവയാണ് ഹെലികോപ്റ്ററുകള്‍. കഴിഞ്ഞയാഴ്ച അരുകാനിയ മേഖലയില്‍ മൊത്തം പത്തു ദേവാലയങ്ങള്‍ക്ക് അക്രമികള്‍ തീവയ്ക്കുകയുണ്ടായി.

ചിലി ഭരണകൂടവും സ്വകാര്യ കമ്പനികളും ചേര്‍ന്നു തങ്ങളുടെ ഭൂമി പിടിച്ചെടുക്കുകയും പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുകയുമാണെന്നാണ് ആദിവാസികളുടെ പരാതി. ഭൂമി തിരിച്ചുതരണമെന്നും തങ്ങളുടെ സംസ്‌കാരം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അവര്‍ പ്രക്ഷോഭം നടത്തുന്നത്.

തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്ന് ഇന്നലെ ടെമുകോ സൈനികത്താവളത്തില്‍ വിമാനമിറങ്ങിയ മാര്‍പാപ്പ ഇവിടത്തെ തുറന്ന വേദിയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഒട്ടേറെ ആദിവാസികള്‍ പരന്പരാഗത വേഷം അണിഞ്ഞ് പങ്കെടുത്തു. അക്രമം ഒന്നിനും പരിഹാരമല്ലെന്നു ദിവ്യബലി മധ്യേ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു.

അക്രമം കൂടുതല്‍ അക്രമങ്ങള്‍ക്കും നാശത്തിനും ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ആദിവാസികളുടെ ഗോത്രഭാഷയില്‍ അവര്‍ക്കു സുപ്രഭാതവും സമാധാനവും ആശംസിച്ചുകൊണ്ടാണു മാര്‍പാപ്പ പ്രസംഗം ആരംഭിച്ചത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.