സ്വന്തം ലേഖകൻ: മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ സംബന്ധിക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകള്‍ക്ക് മുന്‍പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകള്‍ അറിയിക്കാന്‍ മാര്‍പ്പാപ്പ മുരളീധരനോട് അഭ്യര്‍ത്ഥിച്ചു. കൂടിക്കാഴ്ചക്കൊടുവില്‍ മഹാത്മാ ഗാന്ധിയുടെ വ്യാഖ്യാനത്തോടു കൂടിയ ഭഗവദ് ഗീതയും നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരന് മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു. വത്തിക്കാന്‍ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കര്‍ദ്ദിനാള്‍ പോള്‍ ഗല്ലാഗറുമായും വി. മുരളീധരന് കൂടിക്കാഴ്ച നടത്തി.
മതേതര രാജ്യമായ ഇന്ത്യയിൽനിന്നു മറിയം ത്രേസ്യാ പുണ്യവതിയുടെ വിശുദ്ധ പദ പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ തനിക്ക് അവസരം ലഭിച്ചത് രാജ്യം മതേതരത്വം ഉയർത്തിപ്പിടിക്കുന്നതിന്റെ തെളിവുകൂടിയാണെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാസമൂഹം ഇന്ത്യയിലേതാണ്. അത്തരം ഒരു സമൂഹത്തിന്റെ പരിപാടിയിൽ പങ്കെടുക്കുക എന്നതും വലിയ ഒരു ഭാഗ്യ മായി കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല