സ്വന്തം ലേഖകന്‍: പെസഹ ദിവസം ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ അഭയാര്‍ഥികളുടെ കാല് കഴുകി ചുംബിച്ച് ഫ്രാന്‍സിസ് പാര്‍പാപ്പ. ബ്രസല്‍സിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറേപ്പില്‍ മുസ്ലിം വിരുദ്ധ വികാരം രൂക്ഷമായ സാഹചര്യത്തിലാണ് മാര്‍പാപ്പ മുന്നിട്ടിറങ്ങിയത്.
‘സംസ്കാരത്തിലും മതവിശ്വാസത്തിലും നമ്മള് വ്യത്യസ്തരാണ്. എന്നാല്‍, നമ്മളെല്ലാം സഹോദരങ്ങളാണ്. സമാധാനത്തോടെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്’ ചടങ്ങിനു ശേഷം മാര്‍പാപ്പ പറഞ്ഞു. മുട്ടുകുത്തിനിന്ന് മാര്‍പാപ്പ വിശുദ്ധ ജലം കൊണ്ട് കാല്‍കഴുകി ചുംബിക്കുമ്പോള്‍ അഭയാര്‍ഥികള്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു.
നാലു സ്ത്രീകളുടെയും എട്ടു പുരുഷന്മാരുടെയും പാദങ്ങളാണ് മാര്‍പാപ്പ കഴുകിയത്. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും പ്രത്യേകം ആശംസകള്‍ ലഭിച്ചു. ചടങ്ങിനു ശേഷം ഓരോരുത്തരെയും പാപ്പ പ്രത്യേകം ആശ്ലേഷിക്കുകയും ചെയ്തു.
ശുശ്രൂഷക്കായി തെരഞ്ഞെടുത്ത 12 പേരില്‍ ഹിന്ദുക്കളും മുസ്ലിംകളും മറ്റു മത വിഭാഗങ്ങളിപ്പെട്ടവരുമുണ്ടായിരുന്നു. കാല് കഴുകിയവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. റോമിനു സമീപമുള്ള കാസനുവോ ഡി പോര്‍ട്ടോയിലെ അഭയാര്‍ഥി കേന്ദ്രത്തിലെത്തിയാണ് പാപ്പ ശുശ്രൂഷക്ക് നേതൃത്വം നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല