സ്വന്തം ലേഖകന്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പയെ വധിക്കാനുള്ള രഹസ്യ പദ്ധതി തകര്‍ത്തതായി റിപ്പോര്‍ട്ട്. അടുത്തയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമേരിക്കന്‍ പര്യടനത്തിനിടയില്‍ അദ്ദേഹത്തെ വധിക്കുവാനുള്ള രഹസ്യപദ്ധതി യുഎസ് രഹസ്യപൊലീസ് തകര്‍ത്തതായി ജര്‍മന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യുഎസിലെ ടെക്‌സസില്‍ നിന്നുള്ള ജനപ്രതിനിധിയെ ഉദ്ധരിച്ചാണ് ജര്‍മന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പര്യടനത്തിനിടയില്‍ മാര്‍പാപ്പ ജനമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന അവസരം ഉപയോഗിച്ച് അദ്ദേഹത്തെ വധിക്കാനായിരുന്നു പദ്ധതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറ്റവാളികള്‍ രഹസ്യാന്വേഷണ സംഘടനകളുടെ പിടിയിലായെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന മാര്‍പാപ്പയുടെ ചരിത്രപ്രധാനമായ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ലോകം ഉറ്റുനോക്കിയിരിക്കെയാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല