ലോകത്തിലെ പല രാഷ്ട്രങ്ങളിലും ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളും തീവ്രവാദ ആക്രമണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇത്തരത്തില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സിറിയ, മാലി, നൈജീരിയ തുടങ്ങിയ സംഘര്‍ഷ പ്രദേശങ്ങളില്‍ സമാധാനം ആഹ്വാനം നടത്തി കൊണ്ട് പോപ്പ് തന്റെ ഈസ്റ്റര്‍ ദിനസന്ദേശം ലോകത്തിനു കൈമാറി. ആക്രമണങ്ങളാല്‍ ജനജീവിതം ദു:സഹമായ ഈ ഇടങ്ങളില്‍ സമാധാനം കൈവരട്ടെ എന്നും പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പതിമൂന്ന് വര്‍ഷമായി സിറിയയില്‍ നടന്നു കൊണ്ടിരിക്കുന്ന വംശീയ സംഹാരങ്ങള്‍ക്ക് ഒരു അവസാനം വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈസ്റ്റര്‍ കുര്‍ബാന കഴിഞ്ഞു സെന്റ്‌പീറ്റേര്‍സ്ബര്‍ഗ് സ്ക്വയറില്‍ വച്ചാണ് അദ്ദേഹം സാമ്പ്രദായികമായ ഈസ്റ്റര്‍ സന്ദേശം ലോകത്തിനു നല്‍കിയത്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് മധ്യപൂര്‍വങ്ങളിലെ എല്ലാ ഗോത്രപരമായതും, സംസ്കാരികമായതും, മതപരമായതുമായ സംഘര്‍ഷങ്ങള്‍ മറികടക്കുവാനുള്ള സ്നേഹത്തിന്റെ സന്ദേശമാണ് പടര്‍ത്തുന്നത് എന്നും ഈ സംഘടനകള്‍ മനുഷ്യ നന്മക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം വാചാലനായി.
പ്രത്യേകിച്ച് സിറിയയാണ് പോപ്പിന്റെ കണ്ണില്‍ കരടായി ഇപ്പോഴും കിടക്കുന്നത് എന്ന് അദ്ദേഹത്തിന്റെ പ്രത്യേകപരാമര്‍ശങ്ങള്‍ സൂചിപ്പിച്ചു. സിറിയ തങ്ങളുടെ ആക്രമണം സ്വഭാവം കൈവെടിഞ്ഞു സമാധാനത്തിലേക്ക് വരണം എന്നാണു അദ്ദേഹം അഭിപ്രായപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തിയ ലക്ഷത്തിലേറെപ്പെര്‍ക്ക് മുന്‍പില്‍ വച്ചാണ് പോപ്പ് തന്റെ സന്ദേശം വെളിപ്പെടുത്തിയത്. ഇറാഖിലും പാലസ്തീനിലും വികസനങ്ങള്‍ കൊണ്ട് വരണം എന്നും പാലസ്തീനും ഇസ്രായേലും തമ്മിലുള്ള സമാധാനത്തിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഇദ്ദേഹം നിര്‍ദ്ദേശിച്ചു.
നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന മതതീവ്രവാദത്തെ ശക്തമായ ഭാഷയില്‍ മാര്‍പാപ്പ അപലപിച്ചു. നൈജീരിയയില്‍ ക്രിസ്ത്യന്‍വിദ്യാലങ്ങള്‍ക്ക് നേരെ ഒരു കൂട്ടം ആളുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ ന്യായീകരിക്കാനാകാത്തതാണ് എന്നും അധികാരികള്‍ ഇതിനായി ശ്രദ്ധിക്കണം എന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ഇരട്ട കാര്‍ബോംബ്‌സ്‌ഫോടനത്തില്‍ ഏകദേശം ഇരുപതോളം ആളുകള്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടിരുന്നു. സപ്തംബറില്‍ മാര്‍പ്പാപ്പ ലെബനന്‍ സന്ദര്‍ശിച്ചു സമാധാനത്തിനായി സ്വയം മുന്‍കൈ എടുക്കും എന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ സാങ്കേതിക പുരോഗതിയുടെ പശ്ചാത്തലത്തില്‍ ദൈവത്തെയും ധാര്‍മികതയെയും മറക്കുന്ന സമൂഹം ലോകത്തിനു തന്നെ ഭീഷണിയാണെന്നു ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ കൂടിച്ചേര്‍ത്തു. അമിതമായി സാങ്കേതികതയെ ആശ്രയിക്കുന്നതു നാശത്തിനു കാരണമാകും. വിശ്വാസത്തിന്‍റെ കിരണങ്ങളിലൂടെ ലോകത്തെ തിരിച്ചു പിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല