സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിംഗ്യ പ്രശ്‌നം പറയാതെ പറഞ്ഞ് മാര്‍പാപ്പ, ‘മുന്‍വിധിയേയും വെറുപ്പിനേയും’ കീഴ്ടക്കാന്‍ മ്യാന്മറിലെ ബുദ്ധ ഭിക്ഷുക്കളോട് ആഹ്വാനം. റോഹിംഗ്യ മുസ്ലിംകളോടുള്ള ക്രൂരതകളുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന മ്യാന്‍മറില്‍ സൂക്ഷ്മായി തെരഞ്ഞെടുത്ത വാക്കുകളാണ് മാര്‍പാപ്പ ഉപയോഗിച്ചത്. റോഹിംഗ്യകളെക്കുറിച്ച് നേരിട്ടുള്ള മാര്‍പാപ്പയുടെ പരാമര്‍ശം മ്യാന്മറിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നതിനാലായിരുനു ഇത്.
റോഹിന്‍ക്യ മുസ്ലിംകളോടുള്ള വിരോധം ഉറഞ്ഞുകൂടാന്‍ വര്‍ഷങ്ങളായി ചില തീവ്ര ബുദ്ധ ഭിക്ഷുക്കളുടെ നിലപാടുകള്‍ കാരണമായ പശ്ചാത്തലത്തിലാണു നാലു ദിവസത്തെ മ്യാന്‍മര്‍ സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പയുടെ വാക്കുകള്‍. അസഹിഷ്ണുതയെയും, വെറുപ്പിനെയും ചെറുക്കാന്‍ മ്യാന്‍മറിലെ ബുദ്ധസമൂഹത്തിന്റെ പരമോന്നത സമിതിയായ സംഘയോടു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
‘നമ്മുടെ ലക്ഷ്യം പോലെ നമുക്ക് ഒരുമിക്കണമൈങ്കില്‍ എല്ലാ തരത്തിലുമുള്ള തെറ്റിദ്ധാരണകളെയും അസഹിഷ്ണുതയെയും മുന്‍വിധികളെയും വെറുപ്പിനെയും മറികടക്കേണ്ടതുണ്ട്,’ യാങ്കൂണിലെ ക്ഷേത്ര സമുച്ചയത്തില്‍ ബുദ്ധസന്യാസികളെ അഭിസംബോധന ചെയ്ത് മാര്‍പാപ്പ പറഞ്ഞു. മാ ബാ താ എന്നറിയപ്പെടുന്ന തീവ്രദേശീയ നിലപാടുള്ള സന്യാസി സംഘമാണു റോഹിംഗ്യകള്‍ക്ക് എതിരായ പ്രചാരണത്തില്‍ മുന്നിലുള്ളത്.
അതേസമയം, അടിച്ചമര്‍ത്തപ്പെട്ടവരെപ്പറ്റി പറഞ്ഞെങ്കിലും റോഹിന്‍ഗ്യ വിഷയം മാര്‍പാപ്പ പരാമര്‍ശിച്ചില്ല. ഇന്നലെ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂ ചിയുമായി നടത്തിയ ചര്‍ച്ചയിലും റോഹിന്‍ഗ്യ എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് മാര്‍പാപ്പ സഹവര്‍ത്തിത്വത്തിന് ആഹ്വാനം െചയ്തത്. മ്യാന്‍മര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച മാര്‍പാപ്പ ബംഗ്ലദേശിലേക്ക് പുറപ്പെടും. രണ്ടു ദിവസത്തെ ബംഗ്ലദേശ് സന്ദര്‍ശനത്തിനിടെ ധാക്കയില്‍ റോഹിന്‍ഗ്യ അഭയാര്‍ഥികളെ മാര്‍പ്പാപ്പ കാണുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല