സ്വന്തം ലേഖകൻ: ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ പദ്ധതി ഇടുന്നതായി അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പറഞ്ഞത്. കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനത്തിനു ശേഷം റോമിലേക്കു മടങ്ങവേയാണ് മാർപാപ്പയുടെ പ്രതികരണം. ഈ വർഷം മംഗോളിയയിലേക്ക് പോകുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2024ൽ ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസിസ് മാർപാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാർപാപ്പ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ട്.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്. 2021 അവസാനമായിരുന്നു പ്രധാനമന്ത്രി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. നേരത്തെ 2014ൽ കത്തോലിക്ക സഭ മാർപാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു അന്നത്തെ സിബിസിഐ അധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ചത്.
അതേസമയം ഈ വർഷം മംഗോളിയ സന്ദർശിക്കാനും പോപ് ഫ്രാൻസിസ് പദ്ധതിയിടുന്നുണ്ട്. ഇത് യാഥാർഥ്യമാവുകയാണെങ്കിൽ മംഗോളിയ സന്ദർശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാൻസിസ് മാർപാപ്പ. ദക്ഷിണ സുഡാനിൽ സ്വാതന്ത്ര്യസമര നേതാവ് ജോൺ ഗരാങ്ങിന്‍റെ ശവകുടീരം നിലകൊള്ളുന്ന മൈതാനത്ത് ഒരുലക്ഷത്തോളം പേർ പങ്കെടുത്ത കുർബാനയിൽ മാർപാപ്പ പ്രസംഗിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല