സ്വന്തം ലേഖകന്‍: ലക്ഷങ്ങളെ ആശീര്‍വദിച്ച് മാര്‍പാപ്പയുടെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം സമാപിച്ചു. പാവങ്ങള്‍ക്കും പരിസ്ഥിതിക്കും നന്മ നേര്‍ന്നുകൊണ്ടുള്ള ഒരാഴ്ചത്തെ പര്യടനത്തിനുശേഷം മാര്‍പാപ്പ ഇന്നലെ വത്തിക്കാനിലേക്കു മടങ്ങി.
പാരഗ്വായിലെ ബനാഡോ നോത്രിലുള്ള ചേരികളില്‍ പട്ടിണിപ്പാവങ്ങളുടെ ദുരിതജീവിതം നേരിട്ടു കണ്ട അദ്ദേഹം ഭൂമിയിലെ സൗഭാഗ്യങ്ങള്‍ എല്ലാവര്ക്കും ഒരുപോലെ അനുഭവിക്കാനാകുന്ന സാമ്പത്തിക ക്രമത്തെക്കുറിച്ചാണ് സംസാരിച്ചതേറെയും. പണത്തിന്റെയും അത്യാര്‍ത്തിയുടെയും ബലിപീഠത്തില്‍ മനുഷ്യജീവന് പിടയാന്‍ വഴിയൊരുക്കുന്ന നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പാരഗ്വായ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അസന്സ്യോനിലെ കുര്‍ബാനയില്‍ അര്‍ജന്റീന പ്രസിഡന്റ് ക്രിസ്റ്റിന ഫെര്‍ണാണ്ടസും പങ്കെടുത്തു. ശനിയാഴ്ച കാക്യുപിലെ കുര്‍ബാനയ്ക്കിടെ പാരഗ്വായ് സ്ത്രീകളുടെ സഹനശക്തിയെയും അടിയുറച്ച ദൈവവിശ്വാസത്തെയും മാര്‍പാപ്പ പുകഴ്ത്തിയിരുന്നു. 1860കളില്‍ രാജ്യത്തെ ചോരക്കളമാക്കിയ യുദ്ധപരമ്പരയ്ക്കു ശേഷം വൈധവ്യത്തിന്റെയും അനാഥത്വത്തിന്റെയും വേദനകളറിഞ്ഞ പാരഗ്വായ് സ്ത്രീകള്‍ക്കാണ് തെക്കേ അമേരിക്കന്‍ സ്ത്രീകളില്‍ ഏറ്റവും മഹത്വമുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മാര്‍പാപ്പ ലാറ്റിനമേരിക്കന്‍ ജനതയോട് ചെയ്ത ക്രൂരതയില്‍ രണ്ടു ദിവസം മുമ്പ് മാപ്പു പറഞ്ഞത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല