സ്വന്തം ലേഖകന്‍: ലാറ്റിനമേരിക്കയെ ആശീര്‍വദിക്കാന്‍ മാര്‍പാപ്പ. ഇക്വഡോര്‍, പരാഗ്വെ, ബൊളീവിയ എന്നീ രാജ്യങ്ങളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. അഴിമതി നിറഞ്ഞ ജയില്‍ സിസ്റ്റത്തിലടക്കം മാര്‍പാപ്പയുടെ ശ്രദ്ധ പതിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബൊളീവിയയിലെ ജനങ്ങള്‍.
ലാറ്റിനമേരിക്കക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ് ബൊളീവിയയിലെ ജനങ്ങള്‍. ജൂലൈ എട്ടിനാണ് മാര്‍പാപ്പ ബൊളീവിയയിലെത്തുക. സാന്റാ ക്രൂസിലെ അതീവ സുരക്ഷയുള്ള പാല്‍മസോള ജയില്‍ സന്ദര്‍ശനവും മാര്‍പാപ്പയുടെ സന്ദര്‍ശന പരിപാടിയിലുണ്ട്.
നിരവധി നിരപരാധികള്‍ ഈ ജയിലിലുണ്ടെന്നും അഴിമതി നിറഞ്ഞ ജയില്‍ സിസ്റ്റമാണ് ഇവിടുത്തേതെന്നും ബൊളീവിയന്‍ ജനത ആരോപിക്കുന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ ഇതിനൊരു മാറ്റമുണ്ടാകുമെന്നാണ് ഇവിടുത്തുകാരുടെ പ്രതീക്ഷ. 12000 പേരാണ് ബൊളീവിയയിലെ വിവിധ ജയിലുകളിലുള്ളത്. ഇതില്‍ 16 ശതമാനത്തിന് മാത്രമാണ് ഔദ്യോഗിക വിചാരണ നേരിട്ടിട്ടുള്ളത്. കോടതിയില്‍ കേസ് എത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഭൂരിഭാഗവും.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളുടെയും റോഡുകളുടെയും പള്ളി അല്‍ത്താരകളുടെയുമെല്ലാം നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബൊളീവിയയില്‍ എത്തുന്ന മാര്‍പാപ്പ കൊക്ക ഇല ചവച്ച് ആന്‍ഡിയന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും. കൊക്കയില ചവയ്ക്കണമെന്ന് അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചതായി ബൊളീവിയന്‍ മന്ത്രി പറഞ്ഞു. ആന്‍ഡിയന്‍ പര്‍വതമേഖലയിലെ ജനത നൂറ്റാണ്ടുകളായി ചായക്കും മറ്റുമായി ഉപയോഗിക്കുന്ന കൊക്കയില അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല