സ്വന്തം ലേഖകന്‍: മാര്‍പാപ്പയുടെ ആറു ദിവസത്തെ അമേരിക്കന്‍ പര്യടനം തുടങ്ങി, പരസ്പരം പ്രശംസിച്ച് ഒബാമയും മാര്‍പാപ്പയും. ഒബാമ പാവപ്പെട്ടവരോടു ഫ്രാന്‍സിസ് മാര്‍പാപ്പ കാണിക്കുന്ന കരുണയെ പുകഴ്ത്തിയപ്പോള്‍ സഹിഷ്ണുതയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമൂഹസൃഷ്ടിക്ക് അമേരിക്ക മുന്നിട്ടിറങ്ങണമെന്നായിരുന്നു മാ!ര്‍പാപ്പയുടെ മറുപടി.
ക്യൂബയുമായി അമേരിക്ക ബന്ധം മെച്ചപ്പെടുത്തണമെന്ന മാര്‍പാപ്പയുടെ നിര്‍ദേശത്തെയും യുദ്ധം അനാഥരാക്കിയ അഭയാര്‍ഥികളോടു കാണിക്കുന്ന ദയയെയും ഒബാമ പുകഴ്ത്തി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള നിശ്ചയദാര്‍ഢ്യം എടുത്തുപറഞ്ഞു. ”ദൈവത്തിന്റെ സമ്മാനമായ ഈ ഭൂമിയെ സംരക്ഷിക്കുക എന്ന വിശുദ്ധലക്ഷ്യം നമുക്കുണ്ടെന്ന് അങ്ങ് ഞങ്ങളെ ഓര്‍മിപ്പിച്ചു. ഭാവി തലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കണമെന്നു രാജ്യത്തലവന്‍മാരോടായി അങ്ങു നടത്തുന്ന അഭ്യര്‍ഥനയെ ഞങ്ങള്‍ പിന്താങ്ങുന്നു.” – ഒബാമ പറഞ്ഞു.
അമേരിക്കയില്‍ ഉള്ളവയില്‍ ഏറ്റവും ചെറിയ കാറായ ഫിയറ്റ് 500 ലാണ് മാര്‍പാപ്പ് വൈറ്റ് ഹൗസില്‍ എത്തിയത്. ഇത്രയും ചെറിയ കാറില്‍ ഒരു വിശിഷ്ടാതിഥി വൈറ്റ് ഹൗസിലേക്ക് എത്തുന്നത് ആദ്യമായാണ്.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടണമെന്നും സഹിഷ്ണുതയും ബഹുസ്വരതയും ഉള്ള സമൂഹത്തെ കെട്ടിപ്പടുക്കണമെന്നും അമേരിക്കക്കാരോടു മാര്‍പാപ്പ ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ നടന്ന പ്രസംഗത്തില്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഒബാമ നടത്തുന്ന പരിശ്രമത്തെ പ്രശംസിച്ചു. പതിനയ്യായിരത്തോളം പേരടങ്ങുന്ന സദസ്സിനോടാണു പോപ്പ് സംസാരിച്ചത്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ പ്രസംഗത്തില്‍ മാര്‍പാപ്പ അനുസ്മരിച്ചു. അതേസമയം ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗവിവാഹം എന്നീ കാര്യങ്ങളില്‍ അമേരിക്കയോടുള്ള വിയോജനവും മാര്‍പാപ്പ രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല