സ്വന്തം ലേഖകന്‍: ബിഗ്ബാംഗും ദൈവത്തിന്റെ ഇടപെടലും പരസ്പര വിരുദ്ധമല്ല, പരിണാമ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ ശരി, സൃഷ്ടി വാദത്തില്‍ ശ്രദ്ധേയ തിരുത്തുമായി മാര്‍പാപ്പ. കത്തോലിക്ക സഭ കാലങ്ങളായി പിന്തുണച്ചുപോന്ന സൃഷ്ടി വാദത്തില്‍ നിന്ന് വ്യത്യസ്തമായി പരിണാമ, സ്‌ഫോടന സിദ്ധാന്തങ്ങള്‍ ശരിയാണെന്നും ദൈവം മാന്ത്രികനല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. പോന്‍ടിഫിഷ്യല്‍ അക്കാദമി ഓഫ് സയന്‍സസില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍.
ബൈബിളിലെ ഉല്‍പത്തി പുസ്തകം വായിക്കുമ്പോള്‍ മാന്ത്രികവടി ഉപയോഗിച്ച് എന്തും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ജാലവിദ്യക്കാരനാണ് ദൈവം എന്ന് നാം സങ്കല്‍പിക്കും. എന്നാല്‍, ഇതല്ല സത്യം. ലോകത്തിെന്റ ഉദ്ഭവത്തിന് കാരണമായി ഇന്ന് കണക്കാക്കുന്ന വിസ്‌ഫോടനവും സ്രഷ്ടാവിന്റെ ഇടപെടലും വിരുദ്ധമായ കാര്യങ്ങളല്ല. സൃഷ്ടി ദൈവത്തിന്റെ ഇടപെടല്‍ ആവശ്യപ്പെടുന്ന കാര്യം തന്നെയാണ്.
അതുപോലെ പ്രകൃതിയിലെ പരിണാമവും സൃഷ്ടിയും വിരുദ്ധമല്ല. കാരണം, പരിണാമത്തിനു വിധേയമാകുന്ന ജീവജാലങ്ങളുടെ സൃഷ്ടി ഇതിന് ആവശ്യമാണെന്നും മാര്‍പാപ്പ പറഞ്ഞു. സൃഷ്ടിയെക്കുറിച്ചുള്ള കപട സിദ്ധാന്തങ്ങള്‍ക്ക് മാര്‍പാപ്പയുടെ പ്രസ്താവനയിലൂടെ അന്ത്യമായിരിക്കുകയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പരിണാമ, മഹാ വിസ്‌ഫോടന സിദ്ധാന്തങ്ങളെ സ്വാഗതം ചെയ്ത പയസ് ആറാമന്‍ മാര്‍പാപ്പയ്ക്കു ശേഷം ഇതാദ്യമായാണ് ഒരു മാര്‍പാപ്പ പരിണാമ സിദ്ധാന്തം ശരിയാണെന്ന് വിശേഷിപ്പിക്കുന്നത്. നേരത്തെ പരിണാമം സിദ്ധാന്തത്തെക്കാള്‍ ഉപരി തെളിയിക്കപ്പെട്ട വസ്തുതയാണെന്ന് 1996 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും സൂചിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല