സ്വന്തം ലേഖകന്‍: റോഹിംഗ്യ പ്രശ്‌നം എടുത്തു പറയാതെ എല്ലാ വംശീയ വിഭാഗങ്ങളേയും അംഗീകരിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിനോട് മാര്‍പാപ്പ. മ്യാന്‍മാറിന്റെ ഭാവി സമാധാനപരമായിരിക്കണം. ആ സമാധാനം സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അവകാശങ്ങളിലും സ്വാഭിമാനത്തിലും അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലുടനീളം വംശീയ അവകാശങ്ങള്‍ക്കായി ശക്തമായി വാദിച്ച മാര്‍പാപ്പ പക്ഷേ, ‘റോഹിംഗ്യ’ എന്ന വാക്ക് ഒഴിവാക്കി.
മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ പ്രസംഗത്തില്‍ എവിടെയും മാര്‍പാപ്പ റോഹിംഗ്യയെന്ന പദം ഉപയോഗിച്ചില്ല. റോഹിംഗ്യന്‍ സമൂഹത്തിന് പിന്തുണ നല്‍കാനായി റോഹിംഗ്യയെന്ന വാക്ക് മാര്‍പാപ്പ ഉപയോഗിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ വാക്കുപയോഗിക്കുന്നത് മ്യാന്‍മാറിലെ കത്തോലിക്കാ വിഭാഗക്കാരെ ബാധിച്ചേക്കുമെന്ന കത്തോലിക്കാ നേതൃത്വത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പോപ്പ് ഈ പദം ഒഴിവാക്കിയതെന്നാണ് സൂചന. റോഹിംഗ്യകളെ ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരായിമാത്രം കണക്കാക്കുന്ന മ്യാന്‍മാര്‍ ഒരിക്കലും റോഹിംഗ്യകള്‍ എന്ന പേര് ഉപയോഗിക്കാറില്ല. പകരം ബംഗാളികള്‍ എന്ന വാക്കാണ് ഉപയോഗിക്കുക പതിവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല