സ്വന്തം ലേഖകന്‍: അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യ തന്നെയെന്ന് മാര്‍പാപ്പ, തുര്‍ക്കി മുഖം ചുളിക്കുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അര്‍മേനിയയില്‍ എത്തിയ മാര്‍പാപ്പ വെള്ളിയാഴ്ച രാത്രിനടത്തിയ പ്രസംഗത്തിലാണു വംശഹത്യയെന്ന നിലപാട് ആവര്‍ത്തിച്ചത്.
എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ചാണ് മാര്‍പാപ്പ 15 ലക്ഷം ക്രൈസ്തവര്‍ കൊല്ലപ്പെട്ട 1915 ലെ കൂട്ടക്കൊലയെ വംശഹത്യയെന്നു വിശേഷിപ്പിച്ചത്. ഒരു വര്‍ഷം മുമ്പും മാര്‍പാപ്പ ഇതു വംശഹത്യയാണെന്നു പറഞ്ഞിരുന്നു.
ഇതില്‍ തുര്‍ക്കി അനിഷ്ടം പ്രകടിപ്പിക്കുകയും വത്തിക്കാനിലെ തങ്ങളുടെ സ്ഥാനപതിയെ തിരികെ വിളിക്കുകയും ചെയ്തിരുന്നു. പത്തു മാസത്തിനുശേഷമാണ് വീണ്ടും സ്ഥാനപതിയെ നിയോഗിച്ചത്. മാര്‍പാപ്പ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തോടു തുര്‍ക്കി രൂക്ഷമായി പ്രതികരിക്കുമെന്നാണ് സൂചന.
ശനിയാഴ്ച അര്‍മേനിയന്‍ തലസ്ഥാന നഗരമായ യെരേവാനിലെ ചിച്ചെര്‍നാകാബര്‍ഡിലുള്ള രക്തസാക്ഷികളുടെ സ്മാരകം സന്ദര്‍ശിച്ച മാര്‍പാപ്പ അര്‍മേനിയന്‍ പ്രസിഡന്റ് സെര്‍സ് സര്‍ക്കീസിയനോടും സഭാ തലവന്‍മാരോടുമൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുത്തു.
അനുസ്മരണ ചടങ്ങുകള്‍ക്കു ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റോമിലെ പേപ്പല്‍ സമ്മര്‍ റസിഡന്‍സില്‍ താമസിച്ചിരുന്ന അര്‍മേനിയന്‍ വംശജരുടെ പിന്‍ഗാമികളുമായി അദ്ദേഹം അല്പസമയം ചെലവഴിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല