സ്വന്തം ലേഖകന്‍: ‘ദൈവം മന്ത്രവടിയുമായി നടക്കുന്ന മാന്ത്രികനല്ല, പരിണാമ, മഹാ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ല,’ സുപ്രധാന പ്രഖ്യാപനവുമായി മാര്‍പാപ്പ. മനുഷ്യന്റെ ഉത്ഭവത്തെ കുറിച്ചുള്ള ശാസ്ത്ര സിദ്ധാന്തങ്ങളെ തള്ളിപ്പറയാനാവില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. പരിണാമ വാദവും വിസ്‌ഫോടന സിദ്ധാന്തവും യഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞ മാര്‍പാപ്പ ‘ഒരു മാന്ത്രിക ദണ്ഡ് കൈവശമുള്ള മാന്ത്രികനല്ല ദൈവമെന്നും’ പ്രസ്താവിച്ചു. പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസില്‍ നടന്ന ചര്‍ച്ചയിലാണ് മാര്‍പാപ്പ ക്രൈസ്തവ സഭയുടെ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്ന പ്രഖ്യാപനം നടത്തിയത്.
തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ പോപ്പിന്റെ നിലപാടുമായി യോജിക്കാത്തതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം. രണ്ട് ശാസ്ത്രീയ സിദ്ധാന്തങ്ങളും സൃഷ്ടാവിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യപ്പെടുന്നവയല്ല, മറിച്ച് അവ സൃഷ്ടാവിന് ‘ആവശ്യമായിരുന്നു’. ഉല്‍പത്തി പുസ്തകം വായിക്കുമ്പോള്‍ മാന്ത്രിക ദണ്ഡുകൊണ്ട് എന്തും ചെയ്യാന്‍ കഴിയുന്ന ഒരു മാന്ത്രികനായിരുന്നു ദൈവം എന്ന ചിന്ത ഉണ്ടാകുന്നു. എന്നാല്‍ അത് അങ്ങനെയല്ല, ഫ്രാന്‍സിസ് പാപ്പ പറയുന്നു.
പരിണാമ സിദ്ധാന്തത്തേയും വിസ്‌ഫോടനത്തെയും അനുകൂലിച്ച് മുന്‍പ് പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ അഭിപ്രായം പറഞ്ഞിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും 1996 ല്‍ പരിണാമ വാദം ‘ഒരു സാങ്കല്പിക സിദ്ധാന്തത്തേക്കാള്‍ ഉപരി തെളിയിക്കപ്പെട്ട വസ്തുതയാണെന്നും’ അഭിപ്രായപ്പെട്ടിരുന്നു. പരിണാമ സിദ്ധാന്തത്തിന് എതിരായ ‘സ്യുഡോ തീയറീസ്’ (കൃത്രിമമായ സിദ്ധാന്തങ്ങള്‍) ചര്‍ച്ചയ്ക്ക് വിരാമമിടുന്നതാണ് പോപ്പിന്റെ പരാമര്‍ശമെന്ന് വിദഗ്ധര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല