സ്വന്തം ലേഖകന്‍: സഭാ ചരിത്രത്തിലെ നാഴികകല്ലായി മാര്‍പാപ്പയുടെ സ്വീഡന്‍ സന്ദര്‍ശനം. 500 വര്‍ഷം മുമ്പ് കത്തോലിക്ക സഭയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ മാര്‍ട്ടിന്‍ ലൂഥര്‍ നടത്തിയ നവീകരണ പ്രക്ഷോഭത്തിന്റെ വാര്‍ഷികാഘോഷത്തില്‍ സംബന്ധിക്കാനാണ് പോപ് ഫ്രാന്‍സിസ് സ്വീഡനില്‍ എത്തിയത്. ദക്ഷിണ നഗരമായ ലൂണ്ടില്‍ തുടങ്ങിയ വാര്‍ഷികാഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളര്‍പ്പിന്റെ ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ മാര്‍പാപ്പ എത്തിയെന്നത് സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം നല്‍കുന്നു. 500 വര്‍ഷത്തെ പിളര്‍പ്പിനുശേഷം, 1965ല്‍ സമാപിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു പിന്നാലെയാണ് ഇരു സഭകളും തമ്മിലെ ചര്‍ച്ച ആരംഭിച്ചത്. ഈ ചര്‍ച്ചയുടെ അമ്പതാം വാര്‍ഷികാഘോഷവും തുടങ്ങാനിരിക്കെയാണ് പാപ്പയുടെ സന്ദര്‍ശനം.
മാര്‍ട്ടിന്‍ ലൂഥറിന്റെ പാത പിന്തുടര്‍ന്ന പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ ഭൂരിപക്ഷമായ സ്വീഡനില്‍ ഇന്ന് അവരുടെ ജനസംഖ്യ കുറഞ്ഞുവരുകയാണ്. കുടിയേറ്റത്തിലൂടെ കത്തോലിക്ക വിഭാഗം ജനസംഖ്യയില്‍ വര്‍ധിക്കുന്നുമുണ്ട്.
പരിപാടിയില്‍ സംബന്ധിച്ചതുവഴി മാര്‍ട്ടിന്‍ ലൂഥറിന്റെ കല്‍പനകളെ അംഗീകരിച്ചെന്ന് അര്‍ഥമാക്കുന്നില്ലെന്നും പിളര്‍പ്പിലേക്ക് നയിച്ച സംഭവങ്ങളെ ആദരപുരസ്സരം സ്മരിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും വത്തിക്കാന്‍ അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല