![](https://www.nrimalayalee.com/wp-content/uploads/2021/08/Popular-chef-caterer-film-producer-MV-Noushad-passes-away-.jpg)
സ്വന്തം ലേഖകൻ: പ്രമുഖ പാചക വിദഗ്ധനും ചലചച്ചിത്ര നിര്‍മ്മാതാവുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏറെ ദിവസങ്ങളായി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം.
പഠനകാലത്ത് സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചാണ് സിനിമാ രംഗത്തേക്ക് അദ്ദേഹം എത്തിയത്. ചിത്രത്തിന്റെ സഹനിർമാതാവായിരുന്നു നൗഷാദ്. പിന്നീട്, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു നൗഷാദ്.
ടെലിവിഷൻ ചാനലുകളിലെ പാചക പരിപാടികളിലൂടെയാണ് നൗഷാദ് ശ്രദ്ധേയനായത്. പ്രമുഖ കേറ്ററിങ് ഭക്ഷണശാല ശൃംഖലയായ നൗഷാദ് ദ ബിഗ് ഷെഫിന്റെ ഉടമയാണ് അദ്ദേഹം. പിതാവും തിരുവല്ലയിൽ തന്നെ ഭക്ഷണശാല നടത്തി വരികയായിരുന്നു. ഇദ്ദേഹത്തിൽ നിന്നുമാണ് നൗഷാദിന് പാചക താത്പര്യം ലഭിച്ചത്.
കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസ് മേഖലയിലെ സാധ്യതകളെ കുറിച്ച് പഠിക്കുകയും കണ്ടെത്തുകയും അത് വികസിപ്പിക്കുകയും ചെയ്തു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രസിദ്ധമാകുകയും ചെയ്തിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയിലെന്ന് വാര്‍ത്തകള്‍ക്ക് പിന്നാലെ അന്തരിച്ചതായി വ്യാജവാര്‍ത്തകളും പ്രചരിച്ചിരുന്നു.
പിന്നീട്, നൗഷാദിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകള്‍ പങ്കുവയ്ക്കുകയായിരുന്നു. നൗഷാദിന്റെ സുഹൃത്തും നിർമാതാവും കൂടിയായ നൗഷാദ് ആലത്തൂരാണ് ഗുരുതരാവസ്ഥയിലായിരുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നൗഷാദിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും നൗഷാദ് ആലത്തൂർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
രണ്ടാഴ്ച മുമ്പായിരുന്നു നൗഷാദിന്റെ ഭാര്യ മരിച്ചത്. ഇവര്‍ക്ക് ഒരു മകൾ മാത്രമാണ് ഉള്ളത്. പരേതയായ ഷീബ നൗഷാദാണ് ഭാര്യ. മകള്‍ നഷ്വ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല